കാസറഗോഡ് : തിരിച്ചു വന്ന 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഉപാധികളില്ലാതെ പെന്ഷന് അനുവദിക്കണം, മറ്റ് ക്ഷേമനിധി അംഗങ്ങളെ ചേര്‍ക്കുന്നതു പോലെ പ്രവാസി ക്ഷേമനിധി അംഗങ്ങളുളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുക, പ്രവാസി ക്ഷേമ നിധിയിലെ അന്യായമായ അംശാദായ വര്‍ദ്ധനവ് പിന്‍വലിക്കുകയോ അംശാദായത്തിന് ആനുപാതികമായി പെന്ഷന് വര്‍ദ്ധിപ്പിക്കുകയോ ചെയ്യുക, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ തൊഴിലിനായ് മുന്‍ഗണന നല്‍കുക, പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, വായ്പയ്ക്കായുള്ള ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കുക, ആനുകൂല്യങ്ങള്‍ക്കായ് പരിഗണിക്കുമ്പോള്‍ വീടിന്റെ വിസ്തീര്‍ണം എന്ന മാനദണ്ഡത്തില്‍ വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് ഇളവ് നല്‍കുക, സാമ്പത്തികമായ് പിന്നോക്കം നില്ക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി സംസ്ഥാന വ്യാപകമായ് പ്രവാസി കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായ് പ്രവാസി കോണ്‍ഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് – നോര്‍ക്ക ഓഫീസ് മാര്‍ച്ച് നടത്തി.
പ്രവാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ അടിയന്തിരമായ് നടപ്പിലാക്കണമെന്ന് മാര്‍ച്ചില്‍ പ്രവാസി കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
മാര്‍ച്ചില്‍ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്ത് അധ്യക്ഷനായ്. ഇന്‍കാസ് ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും, പ്രമുഖ കാരുണ്യ പ്രവര്‍ത്തകനും ആശ്രയ ട്രസ്റ്റ് ചെയര്‍മാനുമായ ഖലീജ് നാരായണന് നായര്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ചില്‍, ഇന്‍കാസ് ദുബൈ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് മുനീര്‍ കുംബ്ലെ മുഖ്യ പ്രഭാഷണം നടത്തി.
ഭാസ്കരന് പുല്ലൂര്‍, ദാമോധരന് പുല്ലൂര്‍, രാധാകൃഷ്ണന് കാനത്തൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, കുഞ്ഞിരാമന് തണ്ണോട്ട്, മനോജ് ഉപ്പിലിക്കൈ, ഗംഗാധരന് തൈക്കടപ്പുറം, പ്രമോദ് പെരിയ, വേണു കുശാല്‍ നഗര്‍, സുകുമാരന്‍ വെങ്ങാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണന് കരുവാക്കോട് സ്വാഗതവും, രാജന് തെക്കേക്കര നന്ദിയും പറഞ്ഞു
മാര്‍ച്ചിന് ശേഷം ജില്ലാ പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്തിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച നിവേദനം നോര്‍ക്കാ ഓഫീസര്‍ക്ക് കൈമാറി.