തൊഴിലുറപ്പ് പദ്ധതിയില്‍ 274854 തൊഴില്‍ ദിനങ്ങളോടെ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആസ്തി രൂപീകരണ പ്രവര്‍ത്തികള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യ പ്രവര്‍ത്തികളായ റോഡു നിര്‍മ്മാണം, സ്കൂളുകള്‍ക്ക് കിച്ചണ്‍ ഷെഡ്, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരികയാണ്. മണ്ണ് ജല സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പൊതുപ്രവൃത്തികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കിക്കഴിഞ്ഞു. കല്ലുകയ്യാല, മണ്ണ് കയ്യാല, തോടുകളുടെ നവീകരണം എന്നിവയും തൊഴിലുറപ്പുവഴി നടത്തിവരുന്നുണ്ട്. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കോടോം പാടശേഖരം, കൈത്തോട് എന്നിവയുടെ നവീകരണം പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തികളില്‍ എടുത്തുപറയേണ്ടതാണ്. ആലടുക്കം അങ്കണ്‍വാടി, ബേളൂര്‍ യുപി സ്കൂള്‍ എന്നിവിടങ്ങിളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടം കൈവരിക്കാന്‍ സഹായിച്ചു. തൊഴിലുറപ്പ് പ്രവൃത്തിവഴി നൂറിലധികം റോഡുകളുടെ കോണ്‍ക്രീറ്റ്, സോളിംഗ് ജോലികള്‍ പഞ്ചായത്തില്‍ നടത്തി. ആകെ 274854 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചായത്തിനു സാധിച്ചു. തൊഴിലുറപ്പ് പദ്ധതി വഴി 1404 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ പഞ്ചായത്ത് സൃഷ്ടിച്ചു. തൊഴിലാളികളുടെ കൂലി ഇനത്തില്‍ 8.35 കോടി രൂപയും, മെറ്റീരിയല്‍ ഇനത്തില്‍ 3.28 കോടി രൂപയുമടക്കം ആകെ 11.78 കോടി രൂപ ചെലവഴിച്ചു. ഒപ്പം 100 ശതമാനം നികുതി പിരിവ്് എന്ന നേട്ടവും കോടോം-ബേളൂര്‍ പഞ്ചായത്ത് സ്വന്തമാക്കി. പദ്ധതി വിഹിതത്തിന്റെ 96 ശതമാനം ചിലവഴിച്ച് മികച്ച പ്രവര്‍ത്തനവും കോടോം പഞ്ചായത്ത് കാഴ്ച്ചവച്ചു.