CLOSE

തെളിനീരൊഴുകും നവകേരളം:ജില്ലാതല ജലസമിതി, ജില്ലാതല ക്യാംപെയ്ന്‍ സമിതികള്‍ രൂപീകരിച്ചു

Share

തെളിനീരൊഴുകും നവകേരളം ക്യാംപെയിനിന്റെ ഭാഗമായി ജില്ലാതല ജലസമിതി, ജില്ലാതല ക്യാംപെയ്ന്‍ സമിതി എന്നിവയുടെ രൂപീകരണയോഗം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെളിനീരൊഴുകും നവകേരളം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ഏപ്രില്‍ 30 മുമ്പ് പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ പരിപാടിയില്‍ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക ഭരണ സമിതിയോഗം ചേര്‍ന്ന് തെളിനീരൊഴുകും നവകേരളം ക്യാംപെയ്ന്‍ പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ഏപ്രില്‍ 11നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ്തല ജല സമിതികള്‍ യോഗം ചേരണം. ഏപ്രില്‍ 17 നു ജലസ്രോതസുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങളും, മലിനീകരണത്തിനു കാരണമായ സ്ഥലങ്ങളും കണ്ടെത്താന്‍ ജല നടത്തം സംഘടിപ്പിക്കണം. ജല മലിനീകരണത്തിനു കാരണമായ ഉറവിടങ്ങളെ കണ്ടെത്തി അവിടെ ജലഗുണനിലവാര പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണം. ജനകീയ ശുചീകരണയജ്ഞം സംഘടിക്കുന്നതിനു മുന്നോടിയായി ജലസഭ ഏപ്രില്‍ 17നു സംഘടിപ്പിക്കണം. മലിനീകരിക്കപ്പെട്ട ഇടങ്ങളും അതിനു കാരണമായ ഉറവിടങ്ങളും 19നു മുമ്പായി ശുചിത്വമിഷനില്‍ നിന്ന് ലഭ്യമാക്കുന്ന ജിഐഎസ് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തണം. ഭൗമദിനമായ ഏപ്രില്‍ 22 നു ജലസ്രോതസുകളില്‍ ജനകീയ ശുചീകരണ യജ്ഞം നടത്തണം. ഏപ്രില്‍ 30 നു മുമ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിര്‍ദേശിച്ചു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായിരുന്നു. കാസര്‍കോട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ലക്ഷ്മി, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.