അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി പൂര്‍ത്തീകരണവും ആസ്തി കൈമാറ്റവും ഏപ്രില്‍ 18ന് രാവിലെ പത്തിന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്കിലെ പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ മുക്കാരിക്കണ്ടത്ത് 5.0 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണ് അനോടിപ്പള്ളം. പള്ളം അഭിവൃദ്ധിപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്വനിധിയില് നിന്നും 2020-21 വര്‍ഷത്തില്‍ അമ്പത് ലക്ഷം രൂപ അനുവദിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് നിര്‍വ്വഹണം നടത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ 44.5 ലക്ഷം രൂപ ചെലവഴിച്ച് അനോടിപ്പള്ളം ജലസംരക്ഷണ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പദ്ധതി നടപ്പിലാക്കുന്നതോടെ പ്രദേശത്തെ ഭൂജല ലഭ്യത വര്‍ദ്ധിപ്പിക്കുവാനും വരള്‍ച്ച ലഘൂകരിക്കുവാനും സാധിക്കും. അനോടിപ്പള്ളം പദ്ധതിയുടെ തുടര്‍ പരിപാലനം പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും.
എ കെ എം അഷ്റഫ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, സിവില്‍ സപ്ലൈസ് ഡയറക്ടറും മുന്‍ ജില്ലാ കളക്ടറുമായ ഡോ. ഡി സജിത് ബാബു, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ, മറ്റ് ജനപ്രതിനിധികള്‍, കാസര്‍കോട് ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍, എച്ച് എ എല്‍ ജനറല്‍ മാനേജര്‍ അരുണ്‍ ജെ സര്ക്കേറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.