CLOSE

ഏപ്രില്‍ 17, ലോക ഹീമോഫീലിയ ദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെബ്ബിനാര്‍ സംഘടിപ്പിച്ചു

Share

ലോക ഹീമോഫീലിയ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ,ദേശീയാരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വെബ്ബിനാര്‍ സംഘടിപ്പിച്ചു. ആശാധാര പ്രോഗ്രാം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഇ കെ ആശയുടെ അധ്യക്ഷതയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഡോ രാംദാസ് എ . വി ഓണ്‍ലൈന്‍ വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. റിജിത് കൃഷ്ണന്‍ സ്വാഗതവും ജില്ല എജുക്കേഷന്‍ എന്‍ഡ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ നഴ്സിംഗ് ഓഫീസര്‍മാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുമാര്‍ എന്നിവര്‍ക്കായി നടത്തിയ വെബ്ബിനാറില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഇന്‍ മെഡിസിന്‍ ഡോ. ആദര്‍ശ് എം. പി വിഷയാവതരണം നടത്തി.
രക്തം ശരിയായ രീതിയില്‍ കട്ടപിടിക്കാത്ത രക്തസ്രാവരോഗമാണ് ഹീമോഫീലിയ. ഇത് സ്വയമേവയുള്ള രക്തസ്രാവം സംഭവിക്കാനും മുറിവ് അല്ലെങ്കില്‍ ശസ്ത്രക്രിയ എന്നിവയെ തുടര്‍ന്ന് ഉണ്ടാകുന്ന രക്തസ്രാവം തുടരാനും കാരണമാകുന്നു.
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ അഭാവമാണ് ഈ അവസ്ഥക്ക് കാരണം. തലയില്‍ രക്തസ്രാവം ഉണ്ടാകുന്നത് അപസ്മാരത്തിനോ പക്ഷാഘാതത്തിനോ ഇടയാക്കും.
1989-ല്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ (ണഎഒ) ആണ് ലോക ഹീമോഫീലിയ ദിനാചരണം ആരംഭിച്ചത്. ഡബ്ല്യു എഫ് എച്ച് സ്ഥാപകനായ ഫ്രാങ്ക് ഷ്നാബെലിന്റെ ബഹുമാനാര്‍ത്ഥം ഈ ദിനം ആഘോഷിക്കാന്‍ സംഘടന ഏപ്രില്‍ 17 തിരഞ്ഞെടുത്തു.
മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം, വലിയതോ ആഴത്തിലുള്ളതോ ആയ ചതവുകള്‍, വാക്സിനേഷനു ശേഷം അസാധാരണമായ രക്തസ്രാവം, വേദന, സന്ധികളില്‍ നീര്‍വീക്കം, മൂത്രത്തിലോ മലത്തിലോ രക്തം, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് ഹീമോഫീലിയയുടെ ലക്ഷണങ്ങള്‍
ഇത് കൃത്യമായി കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും വേണ്ടി ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് ആശാധാര പദ്ധതി. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ആശാധാര പദ്ധതിയുടെ സേവനം ലഭ്യമാണ്.

Leave a Reply

Your email address will not be published.