20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ‘എന്റെ തൊഴില്‍ എന്റെ അഭിമാനം ‘ ക്യാമ്പയിന് തുടക്കമായി. ജില്ലാതല പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. കേരള നോളജ് എക്കണോമി മിഷന്, കുടുംബശ്രീ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസ്സ് വരെയുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരില്‍ തൊഴില്‍ നേടാന്‍ സന്നദ്ധരാകുന്നവരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സര്‍വ്വേ നടത്തി ശേഖരിക്കുക എന്നതാണ് ഉദ്ദേശം. ഇതിനായി മെയ് 8 മുതല്‍ 15 വരെ ഒരാഴ്ചക്കാലം ജാലകം എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന് അദ്ധ്യക്ഷനായി. ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്, കില ഫെസിലിറ്റേറ്റര്‍ രാജാറാം, ജില്ലാ പരിശീലന ടീമംഗങ്ങളായ രതീഷ്, രശ്മി എന്നിവര്‍ സംസാരിച്ചു. കേരള നോളജ് എക്കണോമി മിഷന് പ്രതിനിധി സിബി സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ നന്ദിയും പറഞ്ഞു.