കാഞ്ഞങ്ങാട്: വിവാദമായ കണ്ണൂര്‍ സര്‍വ്വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന് ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കും ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും മാത്രമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) കണ്ണൂര്‍ മേഖല കമ്മിറ്റി അറിയിച്ചു. ചട്ടപ്രകാരം ചോദ്യകര്‍ത്താക്കളുടെ പാനല്‍ അംഗീകരിക്കേണ്ടത് പഠന ബോര്‍ഡുകളാണ്. വിവാദമായ പഠന ബോര്‍ഡുകളില്‍ അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ കടന്നു കൂടിയ സാഹചര്യത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ പഠന ബോര്‍ഡ് ചെയര്മാന്മാരെയും അംഗങ്ങളെയും സംരക്ഷിക്കാന്‍ ചട്ടവിരുദ്ധമായി ചോദ്യകര്‍ത്താക്കളുടെ പാനല്‍ അംഗീകരിക്കുവാന്‍ പരീക്ഷാ വിഭാഗത്തെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും വൈസ് ചാന്‍സലര്‍ക്ക് ആണ്. പരീക്ഷാ സമ്പ്രദായം അട്ടിമറിക്കുവാന്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കും.അധ്യാപകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നുള്ളത് ചോദ്യകര്‍ത്താക്കള്‍ ആഗ്രഹിക്കുന്ന നടപടിയാണെന്നും, തെറ്റിദ്ധാരണ പരത്തി വിവാദത്തില്‍ നിന്നും തടിയൂരാന്‍ ആണ് സര്‍വ്വകലാശാല ശ്രമിക്കുന്നത് എന്നും കെപിസിടിഎ ആരോപിച്ചു. വിദ്യാര്‍ഥികളുടെ ജീവിതം വച്ച് പന്താടിയ, അനാസ്ഥയിലൂടെ സര്‍വകലാശാലക്ക് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി വെച്ച വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പ്രേമചന്ദ്രന് കീഴോത്ത്, മേഖലാ സെക്രട്ടറി ലത ഇ എസ്, ലൈസന് ഓഫീസര്‍ ഡോ പ്രകാശ് വി എന്നിവര്‍ സംസാരിച്ചു.