പാലക്കുന്ന്: പൗരാണിക പാരമ്പര്യത്തിലും ദേശാധിപത്യ പെരുമയിലും എല്ലാവിഭാഗം ഹൈന്ദവവിശ്വാസികള്‍ക്കും ഒരു പോലെ പ്രാതിനിധ്യ ആരാധന സ്വാതന്ത്ര്യമുള്ള ഇടമാണ് കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രം.കാലങ്ങളായി ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിച്ചു പോന്ന ക്ഷേത്രക്കുളവും, അരയാലും നിര്‍ദിഷ്ട കെ. ലൈന്‍ അലൈമെന്റില്‍ പെട്ട് ഇല്ലാതാകുമോ എന്ന ആശങ്കയില്‍ ആ ക്ഷേത്ര മഹിമയില്‍ വിശ്വസിക്കുന്നവര്‍ ക്ഷേത്ര സന്നിധിയില്‍ കെ.റെയില്‍ വിരുദ്ധ സംഗമത്തിനായി കഴിഞ്ഞ ദിവസം ഒത്തു കൂടി.പദ്ധതി ഉപേക്ഷിക്കണമെന്നാണ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ക്ഷേത്രവുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്ന കളരിഅമ്പലത്തിന്റെ സിംഹഭാഗവും പൊളിച്ചുമാറ്റേണ്ട രീതിയിലാണ് നിലവിലെ അലൈന്മെന്റ്. നിരവധി തറവാട് ഭവനങ്ങളും മേല്‍ -കീഴ് ശാന്തിക്കാരുടെ വാസസ്ഥലവും ഭീഷണിയിലാണ്. ക്ഷേത്രക്കുളം ഇല്ലാതായാല്‍ ആചാരനുഷ്ഠാനങ്ങള്‍ക്ക് വിഘ്നം സംഭവിക്കും. നിര്‍ദിഷ്ട പാതയോട് ചേര്‍ന്നാണ് 500 വര്‍ഷം പഴക്കമുള്ള മഹാ അരയാല്‍ വൃക്ഷമുള്ളത്. അതിന് ചുവട്ടിലാണ് മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.
മെയ് 15ന് രാവിലെ 11മണിക്ക് മുഴുവന്‍ വിശ്വാസികളെയും പങ്കെടുപ്പിച്ചു കൊണ്ട് 108 ഇളനീര് അഭിഷേകവും കൂട്ടപ്രാര്‍ഥനയും ക്ഷേത്രത്തില്‍ നടത്താനും യോഗം തീരുമാനിച്ചു.എന്‍.എസ്.എസ്. സംസ്ഥാന സമിതി സമിതി അംഗം അഡ്വ. ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍ ചന്ദ്രഗിരി ശാസ്താ – തൃക്കണ്ണാട് ത്രയംബകേശ്വര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വള്ളിയോടന്‍ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായി.ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍, മേലത്ത് സത്യനാഥന് നമ്പ്യാര്‍, വിവിധ കഴക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: ശ്രീവത്സന്‍ നമ്പ്യാര്‍ (പ്രസിഡന്റ്്), എ.സി.മുരളീധരന്, ശ്രീനിവാസന് കീഴൂര്‍ കടപ്പുറം, ചന്ദ്രന് നടക്കാല്‍, കുമാരന് മഠത്തില്‍, രത്നാകരന് തോട്ടം, യശോദ നാരായണന് (വൈസ് പ്രസിഡന്റ്), ദമയന്തി ചന്ദ്രന് (സെക്രട്ടറി), അനില്‍ കുമാര്‍, പള്ളയില്‍ വിജയന്, പുരുഷോത്തമന് (ജോയിന്‍ സെക്രട്ടറി), സി. എച്ച്. ജയപ്രസാദ് അഡിഗ (ഖജാന്‍ജി).