ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലടക്കം പിടിമുറുക്കിയ മയക്ക്മരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്ക് മരുന്ന് സംഘത്തിന്റെ വലയിലകപ്പെടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. എം.ഡി.എം.എ പോലുള്ള മാരക ലഹരിമരുന്നുകള്‍ വില്പന നടത്തുന്ന റാക്കറ്റുകളെ തടയാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍, യുവജന സംഘങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനായി.
കല്ലളന് വൈദ്യന് സ്മാരക നിര്‍മ്മാണത്തിനായി ഉടന്‍ ഭൂമി വിട്ടു നല്‍കണമെന്നും വീരമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗം വിളിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയില്‍ എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ കരാറുകാരുടെ അലംഭാവത്താല്‍ നീണ്ടുപോകുന്നുണ്ടെന്നും, ഇത് പരിഹരിക്കേണ്ടതുണ്ടെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. സമയബന്ധിമായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കരാറുകാരുടെയും എഞ്ചിനീയര്‍ മാരുടേയും യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
ടാറ്റ കോവിഡ് ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്ന് അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. കോവിഡ് രോഗികള്‍ കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാരേയും ജീവനക്കാരെയും സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷഉറപ്പു വരുത്താന്‍ ടാറ്റ ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും കിഫ്ബി 20 കോടി രൂപ അനുവദിച്ചിട്ടും സാങ്കേതിക തടസ്സങ്ങളാല്‍ നിര്‍മ്മാണ പ്രവൃത്തി വൈകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയോര ഹൈവേയിലെ പാണ്ടി-പള്ളഞ്ചി ഭാഗത്തുള്ള വനഭൂമി വിട്ട് നല്കി നിര്‍മ്മാണ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ സഹായങ്ങള്‍ നല്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും വില്ലേജ് ഓഫീസുകളിലും കളക്ടറേറ്റിലും പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ഒരേ രോഗത്തിനുള്ള ചികിത്സയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ വ്യത്യസ്ത ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്നും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ആരോഗ്യ ചികിത്സാ പദ്ധതികളില്‍ കാര്‍ഡുള്ള ഗുണഭോക്താക്കള്‍ മുന്‍കൂറായി പണം നല്‍കാനും സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഈ പ്രവണത തടയാനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എ.ഡി.എം, സബ്കളക്ടര്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
കാസര്‍കോട് അന്ധ വിദ്യാലയത്തിലെ 2020-21, 2021-22 വരെയുള്ള മുഴുവന്‍ ജീവനക്കാരുടേയും കുടിശ്ശികയുള്ള മുഴുവന്‍ തുകയും വിതരണം ചെയ്തുവെന്ന് ഡി.ഡി.ഇ അറിയിച്ചു. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടു നല്കിയ ഉടമകള്‍ക്ക് എത്ര രൂപയാണ് നല്കാന് ബാക്കിയുള്ളതെന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ ചോദ്യത്തിന് 27 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാനാണ് ബാക്കിയുള്ളതെന്ന് ജില്ലാ കളക്ടര്‍ മറുപടി നല്കി.
ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി വരികയാണെന്നും അജാനൂര്‍ സുനാമി കോളനി, കോടോംബേളൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമാണെന്നും ഇ. ചന്ദ്രശേഖരന് എം.എല്‍.എ പറഞ്ഞു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ദേശീയപാത ആറ് വരിയായി വികസിപ്പിക്കുന്ന നിര്‍മാണം നടക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി വേണമെന്നും പാതയോരത്ത് ജനങ്ങള്‍ക്ക് വെളിച്ചം ലഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എ.കെ.എം അഷറഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് മാതാപിതാക്കള്‍ മരണപ്പെട്ട ഒന്‍പത് കുട്ടികളാണ് ജില്ലയിലുള്ളത്. ഇവര്‍ക്കായി പി.എം കെയര്‍ പദ്ധതിയിലൂടെ നല്കുന്ന 10ലക്ഷം രൂപ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചതിന്റെ സേവിങ്സ് കാര്‍ഡ് കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും വിവിധ വകുപ്പുകള്‍ വിനിയോഗിച്ചതില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കാസര്കോടിനാണെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ പറഞ്ഞു. സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 109.7 ശതമാനമാണ് ഫണ്ട് ഉപയോഗിച്ചത്. സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് ജില്ല നേടിയത്. ജീവനക്കാരുടെ ക്ഷാമം നേരിടുമ്പോഴും മികച്ച നേട്ടം കൈവരിച്ചതിന് ഉദ്യോഗസ്ഥരെ ജില്ലാ വികസന സമിതിയോഗം അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. എ.കെ.എം അഷറഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ഇ. ചന്ദ്രശേഖരന് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, എ.ഡി.എം എ.കെ രമേന്ദ്രന്‍, സബ് കളക്ടര്‍ ഡി.ആര് മേഘശ്രീ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ എസ് മായ, വിവിധ വകുപ്പ് മേധാവികള്‍, താഹ്സില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.