CLOSE

വിജ്ഞാന കേന്ദ്രമാക്കി കേരളത്തെ മാറ്റുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം മന്ത്രി എം.വി.ഗോവിന്ദന്‍

Share

വിജ്ഞാന കേന്ദ്രമാക്കി കേരളത്തെ മാറ്റുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും കേരളത്തിന്റെ മൂലധനത്തില്‍ ഏറ്റവും പ്രധാനം വിജ്ഞാനമാണെന്നും തദ്ദേശസ്വയംഭരണ എക്സൈസ് ഗ്രാമവികസന വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ . മേലാങ്കോട്ട് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളിന്റെ തൊട്ടടുത്തുള്ള വീട്ടിലെ കുട്ടികള്‍ പോലും പൊതു വിദ്യാലയങ്ങളില്‍ പഠിക്കാതെ സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കുന്ന ഒരു സ്ഥിതി ഉണ്ടായിരുന്നു. ഈ സ്ഥിതി പിന്നീട് അധ്യാപന പ്രസ്ഥാനങ്ങളിലും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലും ചര്‍ച്ചയായി. കഴിഞ്ഞ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എന്തുകൊണ്ടാണ് രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാത്തതെന്ന് വിലയിരുത്തുകയും ഏറ്റവും ഫലപ്രദമായ രീതിയില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം കൂടി ചേര്‍ത്ത് പശ്ചാത്തല സൗകര്യം വികസിപ്പിച്ചു. ജനങ്ങളില്‍ നിന്നും നല്ല പിന്തുണ കിട്ടി. കഴിഞ്ഞ ആറു കൊല്ലത്തിനിടയില്‍ അണ്‍എയ്ഡഡ് അണ്‍ റെഗുലര്‍ ക്ലാസുകളില്‍ പഠിക്കുന്ന പത്തുലക്ഷം കുട്ടികളെ ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ ചേര്‍ക്കാനായി. ചരിത്രത്തിലെ പ്രധാന സംഭവം തന്നെയാണിത്. സാംസ്‌കാരിക ജീവിതത്തിന്റെ ചിത്രം മാറി അതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ക്ക് നല്ല പ്രശസ്തി കിട്ടി. ഇന്ന് ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമായി പൊതുവിദ്യാഭ്യാസം മാറിയിട്ടുണ്ട്. ഇനി നമ്മള്‍ക്ക് പ്രാഥമിക തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ഫലപ്രദമായി മുന്നോട്ട് പോയ ലോകോത്തര വിദ്യാഭ്യാസ സംവിധാനത്തിനൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയെന്ന യജ്ഞമാണ് കേരളത്തില്‍ നടത്തേണ്ടത് അതിനുള്ള പ്രവര്‍ത്തനം കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികള്‍ അതിന്റെഭാഗമായിട്ടുള്ള പുതിയ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം. കേരളത്തിന്റെ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ നമ്മുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. സര്‍വീസില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡു ജേതാവുമായ കൊടക്കാട് നാരായണനെ മന്ത്രി ആദരിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ: പി. അപ്പുക്കുട്ടന്‍, കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. വി മായാകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.വി ഭാസ്‌ക്കരന്‍, ഹൊസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ടി ഗണേഷ്‌കുമാര്‍ , ബി.പി.സി എസ് എസ് കെ സി .സുനില്‍ കുമാര്‍, പി.ടി.എ പ്രസിഡന്റ് ജി. ജയന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് നിഷ പ്രദീപ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.വി സുജാത സ്വാഗതവും ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് കെ.വി വനജ നന്ദിയും പറഞ്ഞു.
മാര്‍ച്ച് മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി സുജാത ചെയര്‍മാനും അഡ്വ പി. അപ്പുക്കുട്ടന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായി രൂപീകരിച്ച 101 അംഗ സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 1923 ല്‍ ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവര്‍ കേളു നായര്‍ തന്റെ പേരക്കുട്ടി കോട്ടയില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാനായി കേളു നായരുടെ ഭാര്യാ സഹോദരനായ എ.സി. കണ്ണന്‍ നായരുടെ പത്തായപ്പുരയ്ക്ക് സമീപം സ്‌കൂള്‍ ആരംഭിച്ചത്. കണ്ണന്‍ നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരക്കാരനായി മാറിയതോടെ കര്‍മ്മ പരിപാടികളുടെ സിരാകേന്ദ്രമായി ബല്ല സ്‌കൂള്‍ മാറി. 1956 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ജി.എല്‍.പി.സ്‌കൂള്‍ ബെല്ല ആയി പ്രവര്‍ത്തനം തുടങ്ങി.1980 ല്‍ യു.പി. ആയി ഉയര്‍ത്തി.
2005 ല്‍ ആണ് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളായി പുനര്‍നാമകരണം ചെയ്തത്.

Leave a Reply

Your email address will not be published.