കാഞ്ഞങ്ങാട്: സെന്‍ട്രല്‍ വെയര്‍ഹൗസ് റിട്ട. ഉദ്യോഗസ്ഥനും മികച്ച വായനക്കാരനുമായിരുന്ന വെള്ളിക്കോത്തെ പരേതനായ പി.ഗംഗാധരന് നായരുടെ ഗ്രന്ഥശേഖരം വിദ്വാന് വി കുഞ്ഞിലക്ഷ്മിയമ്മ ഗ്രന്ഥാലയത്തിന് കൈമാറി.
ഗംഗാധരന് നായരുടെ മകള്‍ ഇന്ദുലേഖ, മരുമകന് ഉണ്ണിക്കൃഷ്ണന് എന്നിവരില്‍ നിന്ന് ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എം.പി.തമ്പാന് നമ്പ്യാര്‍ ഗ്രന്ഥശേഖരം ഏറ്റുവാങ്ങി. ആധ്യാത്മിക, സാംസ്കാരിക, സാഹിത്യ വിഷയങ്ങളിലുള്ള നൂറോളം പുസ്തകങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്. സഹൃദയനായ ഗംഗാധരന് നായര്‍ കഥകളി ആസ്വാദകനും രാമായണ പ്രഭാഷകനുമായിരുന്നു. ഗ്രന്ഥാലയം പ്രസിഡന്റും മഹാകവി പിയുടെ മകനുമായ വി.രവീന്ദ്രന് നായര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.സതീശന് നമ്പ്യാര്‍ എന്നിവരും സംബന്ധിച്ചു. മഹാകവി പിയുടെ സഹധര്‍മിണി വിദ്വാന് വി.കുഞ്ഞി ലക്ഷ്മി അമ്മയുടെ പേരില്‍ തുടങ്ങിയ ഗ്രന്ഥാലയം കാഞ്ഞങ്ങാട് കോട്ടച്ചേരി അശോക് മഹലിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രന്ഥാലയത്തിന്റെ പുസ്തക സമാഹരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഗ്രന്ഥശേഖരം ഏറ്റുവാങ്ങിയത്.