പാലക്കുന്ന് : ഏപ്രിലില്‍ മാത്രം മര്‍ച്ചന്റ് നേവി കപ്പലുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് തിരോധാന സംഭവങ്ങള്‍. മലയാളികളായ മൂന്ന് യുവ നാവികാരാണ് വ്യത്യസ്ത കപ്പലുകളില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് കാണാതായത്. യു.കെ.യിലെ സതാംപ്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റി ഇത് ഏറെ ഗൗരവത്തിലാണ് കാണുന്നത്.
കപ്പലുകളില്‍ ജീവനക്കാര്‍ കാണാതാകുന്ന സംഭവങ്ങള്‍ ഏറി വരികയാണെന്ന് കപ്പലോട്ടക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുന്ന
സൊസൈറ്റി ആശങ്കയിലാണെന്ന് അതിന്റെ ഇന്ത്യയിലെ കമ്യുണിറ്റി ഡെവലപ്പ്മെന്റ് മാനേജര്‍ ക്യാപ്റ്റന്‍ വി. മനോജ് ജോയി പറയുന്നു.
അവധി കഴിഞ്ഞ് കപ്പലില്‍ ജോലിക്ക് കയറി ഏതാനും ആഴ്ചക്കകമാണ് മൂന്ന് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏപ്രില്‍ 14 ന് എം. ടി. അലിമസ് (പാനമ ഫ്ലാഗ് ) കപ്പലില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ അദിത് സുനില്‍കുമാര്‍ കാണാതായി.
ഏപ്രില്‍ 8 നായിരുന്നു ഇയാള്‍ കപ്പലില്‍ കയറിയത്. ഏപ്രില്‍ 27 ന് തിരുവന്തപുരം ആറ്റിങ്ങലിലെ അര്ജുന് രവീന്ദ്രന് എം.വി. എഫിസന്സി (പാനമ ) കപ്പലില്‍ നിന്ന് ടുണിഷ്യയില്‍ നിന്നുള്ള യാത്രയ്ക്കിടയില്‍ കാണാതായി. രണ്ടുപേര്‍ക്കും കാറ്ററിംഗ് വിഭാഗത്തിലാണ് ജോലി . ഏറ്റവും ഒടുവിലായി കാസര്‍കോട് ഉദുമയിലെ കെ. പ്രശാന്ത് ജന്‍കോ എന്റെര്‍പ്രൈസ് ( മാര്‍ഷല്‍ ഐലന്‍ഡ്) കപ്പലില്‍ നിന്ന് കാണാതാകുന്നു. ഏബിള്‍ സീമനായ ഇയാള്‍ ഏപ്രില്‍ 24ന് സിങ്കപ്പൂരില്‍ വെച്ച് ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ഒരാഴ്ചക്കകം കാണാതായ വിവരമാണ് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്.
ഫെബ്രുവരി 8ന് എം.ടി. സ്ട്രീം അറ്റ്ലാന്റിക് എന്ന കപ്പല്‍ ദര്‍ബനില്‍ നിന്ന് യു. എസ്. പോര്‍ട്ട് ലക്ഷ്യമാക്കിയുള്ള യാത്രയില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ജസ്റ്റിന് കുരുവിളയെ കാണാതായി.കോട്ടയം ജില്ലയില്‍ കുറിച്ചി സ്വദേശിയാണ് ജസ്റ്റിന്.
കപ്പലില്‍ നിന്ന് കാണാതാകുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഓരോ ജീവനക്കാരനും. കപ്പലില്‍ നിന്ന് അവര്‍ കാണാതാകുമ്പോള്‍ ആ കുടുംബത്തിന്റെ തീവ്രമായ മാനസികാവസ്ഥ വിവരിക്കാനാവില്ല. പല കാരണങ്ങളാല്‍ കടലിലെ അസ്വാഭാവിക ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം ചില്ലറയല്ല. ഈ അവസ്ഥയില്‍ നാവികര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും ബന്ധപ്പെടാന്‍ സദാ സമയ പ്രവര്‍ത്തന സജ്ജമായ ഒരു ടീം (ക്രൈസിസ് റെസ്പോണ്‍സ് നെറ്റ് വര്‍ക്ക്-സി.ആര്.എന്‍) സൈലേഴ്സ് സൊസൈറ്റിയുടെ കീഴില്‍ നിലവിലുണ്ടെന്ന് ക്യാപ്റ്റന്‍ വി. മനോജ് ജോയ് കോട്ടിക്കുളം മെര്‍ച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റിനെ അറിയിച്ചു. കരയിലോ കടലിലോ നിന്ന് ഏത് ഭാഷയിലും അവരുമായി ബന്ധപ്പെടാവുന്നതാണ്. വ്യക്തിപരമായ സ്വകാര്യങ്ങള്‍ ആര്‍ക്കും ഇവര്‍ കൈമാറില്ല.
ഹെല്പ്ലൈന് : www.sailors -osciety.org/helpline. ഫോണ്‍:0091 9884
- ഇമെയില്‍ :crisis@sailors-osciety.org.