14 ചരടുകള്‍ കോര്‍ത്തു കെട്ടി തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖാ സംഘത്തിന്റെ കോല്‍ക്കളി കാണികളില്‍ വേറിട്ട ദൃശ്യ വിരുന്നായി.. എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്റ്റാന്റില്‍ തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ കോല്‍ക്കളി സംഘം അവതരിപ്പിച്ച ചരട്കുത്തി കോല്‍ക്കളിയാണ് കാണികളില്‍ ആവേശം നിറച്ചത്. . തരംഗിണി പ്രഭാകരന്റെ ശിക്ഷണത്തിലാണ് 14 വനിതകള്‍ കോല്‍ക്കളി അഭ്യസിച്ചത്. ഭാഗവതര്‍ കെ.പി ഭാര്‍ഗവന്‍ പയ്യന്നൂരിന്റെ ആലാപനത്തില്‍ അവര്‍ ചുവട് വെച്ചു. വടക്കന്‍ മലബാറിന്റെ തനത് ആയോധന കലയാണ് കോല്‍ക്കളി. പുരുഷന്‍മ്മാരാണ് സാധാരണ കോല്‍ക്കളി അവതരിപ്പിക്കുന്നത്. എന്നാല്‍ വനിതകളെ കൊണ്ട് ഈ ആയോധന കല അഭ്യസിപ്പിച്ച് വ്യത്യസ്തമാകുകയാണ് പ്രഭാകരനും സംഘവും. ഡല്‍ഹിയിലടക്കം നിരവധി വേദികളില്‍ ഇവര്‍ കോല്‍ക്കളി അവതരിപ്പിച്ചിട്ടുണ്ട്. കെ.പി ജാനകി, കെ.യു പ്രേമലത, സുജ രമേശ്, പി രേഖ, ആര്‍ മീനാക്ഷി , കെ.വി ഹര്‍ഷ , വി.പി പാര്‍വ്വതി, ഇ.രേവതി, പി.ഗോപിക, ഇ അജിത, എന്‍. ഷീജ, സി. ദേവനന്ദ, പി.വി. ആര്യ, സാരംഗി സുധീര്‍ എന്നിവരാണ് കോല്‍ക്കളി അവതരിപ്പിച്ചത്. നാല്‍പതോളം വനിതകള്‍ ഷണ്‍മുഖ കോല്‍ക്കളി സംഘത്തിലുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചാണ് വനിതകള്‍ക്കായി ഇങ്ങനെയൊരു വ്യത്യസ്ത കല അഭ്യസിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് തരംഗിണി പ്രഭാകരന്‍, ഭാഗവതര്‍ കെ.പി ഭാര്‍ഗവന്‍ പയ്യന്നൂര്‍ എന്നിവര്‍ പറഞ്ഞു.