സ്വന്തം സൗന്ദര്യത്തെ ബാധിക്കുമെന്ന തെല്ലും ആശങ്കയില്ലാതെ സ്വന്തം മുടി മുറിച്ചു ദാനം ചെയ്ത 15കാരി നാടിന്റെ കണ്ണിലുണ്ണിയാകുന്നു.
മുതിയക്കാലിലെ സാമൂഹ്യ പ്രവര്ത്തകന് ഭരതന്റേയും ഭാര്യ സരോജിനിയുടേയും മകള്‍ നേഹ ഭരതനാണ് നാട്ടുകാരുടെ സ്നേഹഭാജനമായിത്തീരുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കു മുടി സമ്മാനിച്ച് അത്രയെങ്കിലും ആശ്വസിപ്പാന്‍ കഴിയുമെന്ന ആഗ്രത്തിന്മേലാണ് ആറ്റു നോറ്റു വളര്‍ത്തിയ മുടി ദാനം ചെയ്യുന്നതെന്നും മറ്റൊന്നും നല്‍കാനില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡി.വൈ.എഫ്.ഐ ഉദുമാ ബ്ലോക്ക് പ്രസിഡണ്ട് വൈശാഖിനെ മുടി ഏല്‍പ്പിച്ചു കൊണ്ട് നേഹ പറഞ്ഞു.
കാന്‍സര്‍ ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനാണ് ഇങ്ങനെ ലഭിക്കുന്ന മുടി ഉപയോഗിക്കുക. മനുഷ്യരിലെ സ്വാഭാവിക മുടി കൊണ്ട് നിര്‍മ്മിക്കുന്ന വിഗ്ഗിന്റെ വലിയ വില നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് പലപ്പോഴും താങ്ങാവുന്നതിലും അധികമാണ്. നേഹയെന്നതു പോലെ പലരില്‍ നിന്നുമായി ലഭിക്കുന്ന മുടി ഉപയോഗിച്ച് വിഗ്ഗ് നിര്‍മ്മിച്ച് സൗജന്യമായി രോഗികള്‍ക്ക് നല്കുന്ന കനിവു ബാക്കി നില്ക്കുന്നവര് നേതൃത്വം നല്കുന്ന സംരംഭങ്ങള്‍ക്ക് ദാനം ചെയ്യാനാണ് ഡി.വൈ.എഫ്.ഐ ഇതിനു നേതൃത്വം നല്‍കുന്നത്. എങ്കിലും മുടിയുടെ ലഭ്യത പലപ്പോഴായി വെല്ലുവിളിയാകാറുണ്ട്.
മനസില്‍ ആര്ദ്ദത ബാക്കിയുള്ള മുഴുവന്‍ പേരും, പ്രത്യേകിച്ച് കൗമാര പ്രായക്കാര്‍ കാന്‍സര്‍ രോഗികളെ സഹായിക്കാനായി സാധിക്കുന്ന സഹായവുമായി മുന്നോട്ടു വരണമെന്നാണ് നേഹയുടെ ആഗ്രഹം.
നേഹാഭരതന്റെ മുതിയക്കാലിലുള്ള വീട്ടിലെത്തി ബ്ലോക്ക് പ്രസിഡണ്ട് മുടി ഏറ്റുവാങ്ങി.
ഡി വൈ എഫ് ഐ കോട്ടിക്കുളം മേഖല ട്രഷറര്‍ ദേവിപ്രസാദ് മുതിയക്കാല്‍, അനിതമധു, വിജേഷ്, ജിബിന്‍ ലാല്‍, എന്നിവര്‍ സംബന്ധിച്ചു