പാലക്കുന്ന് : ഈദ് ദിവസം ടൗണിലെ ഹോട്ടലുകള്‍ മുടങ്ങിയിരിക്കും എന്ന് മുന്‍കൂട്ടി മനസിലാക്കിയ പാലക്കുന്നിലെ ഹോട്ടല്‍ ഉടമ, ആര്‍ക്കും അന്നം മുടങ്ങാതിരിക്കാന്‍ ഉച്ച ഭക്ഷണം വിളമ്പി ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കിഴക്കേ ടൗണിലെ തിരുവാതിര ഹോട്ടല്‍ ഉടമ മോഹന്‍ദാസ് ചാപ്പയിലും ഭാര്യ ലീലയും ചേര്‍ന്ന് ചിക്കന്‍ ബിരിയാണി തയ്യാറാക്കി പാക്കറ്റുകളിലാക്കി വേണ്ടുന്നവര്ക്കെല്ലാം വിതരണം ചെയ്തു. തന്റെ സുഹൃത്ത് സരത്തിന് പാക്കറ്റ് നല്കി മോഹന്‍ദാസ് തന്നെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ അടഞ്ഞു കിടന്നതിനാല്‍ ഭക്ഷണം കിട്ടാത്തവര്‍ക്കെല്ലാം തിരുവാതിര ഹോട്ടലിലെ ഈദ് ദിന ബിരിയാണി സ്വാദിഷ്ടമായി. സ്പോണ്സര് ചെയ്ത് സഹകരിക്കാന്‍ ചിലര്‍ മുന്നോട്ട് വന്നെങ്കിലും ഈദാഘോഷം തന്റെയും ഭാര്യയുടെയും വകയില്‍ ആവട്ടെ എന്നായിരുന്നു മോഹന്‍ദാസിന്റെ ഹിതം.