CLOSE

ജില്ലയില്‍ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രോജക്ട് ഡിവിഷന്‍ വേണം; നിയമസഭാ സമിതി

Share

ജില്ലയില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രോജക്ട് ഡിവിഷന്‍ ഇല്ലാത്തത് പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തില്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു

കേരള ജല അതോറിറ്റിയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി, കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നത്. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളെ സംബന്ധിച്ചും പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്നും നിലവില്‍ പദ്ധതിയുടെ ഏത് ഘട്ടത്തിലെത്തിയെന്നും നിശ്ചയിക്കപ്പെട്ട പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ ആവശ്യമായി ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു.

പദ്ധതികളെ സംബ ന്ധിച്ച് പരിശോധന നടത്തിയപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പദ്ധതികളുണ്ടെന്ന് സമിതി കണ്ടെത്തി. മുളിയാര്‍, ചെങ്കള, മധൂര്‍ , ചെമ്മനാട് പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനായി ഇനിയും സാവകാശം വേണം. ഈ പഞ്ചായത്തുകളില്‍ അടിയന്തിരമായി ചെയ്യേണ്ട ഒട്ടനവധി കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി നടപ്പിലാക്കാനായി ദേളിയിലും ചട്ടഞ്ചാലിലും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സമിതി അറിയിച്ചു.

ബി.ആര്‍.ഡി.സി നേരത്ത നിര്‍മിച്ച് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ കുടിവെള്ള പദ്ധതിയിലൂടെ അജാനൂര്‍ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലെ കൂടുതല്‍ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കും. ജില്ലയിലാകെ വിതരണം ചെയ്യേണ്ട ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിവിധ ഘട്ടത്തിലാണ്. 1,79000 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മുഴുവന്‍ ആളുകളിലേക്കും കുടിവെള്ളം എത്തിക്കാനുള്ള തുടര്‍ന്നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സമിതി അറിയിച്ചു. ജില്ലയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍. കാസര്‍കോട് നഗരസഭയ്ക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കുമുള്ള ശുദ്ധജല വിതരണത്തിനായി നിര്‍മിച്ച ബാവിക്കര വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ബാവിക്കര ഡാം, തുടങ്ങിയവ സമിതി സന്ദര്‍ശിച്ചു.

നിയമസഭാ സമിതി യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, സി.എച്ച് കുഞ്ഞമ്പു എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കൊണ്ടോട്ടി എം എല്‍ എ ടി.വി ഇബ്രാഹിം, കൂത്ത്പറമ്പ് എം എല്‍ എ കെ.പി മോഹനന്‍, വാമനപുരം എം എല്‍ എ ഡി.കെ മുരളി, പൊന്നാനി എം എല്‍ എ പി നന്ദകുമാര്‍, കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ , മലപ്പുറം എം എല്‍ എ പി ഉബൈദുള്ള, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് , വാട്ടര്‍ അതോറിറ്റി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വാട്ടര്‍ അതോറിറ്റി ഉത്തര മേഖലാ സി.ഇ. ഇ ലീന കുമാരി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.