രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിന്റെ പരിസരത്ത് നിന്നും ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാസര്‍കോടിന്റെ ചരിത്രവും സംസ്ക്കാരവും സമന്വയിച്ച ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ചലന, നിശ്ചല ദൃശ്യങ്ങള്‍, ശിങ്കാരിമേളം, കുടുംബശ്രീ, ഹരിത കര്‍മസേന, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടേയും യൂത്ത് ക്ലബ്ബുകളുടേയും, വിവിധ വകുപ്പുകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഘോഷയാത്രയ്ക്ക് മിഴിവേകി.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, എന്‍ എസ് എസ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഘോഷയാത്രയുടെ ഭാഗമായി. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ ഗ്രാമ പഞ്ചായത്ത്, അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, സിവില്‍ സപ്ലൈസ്, ഡി ടി പി സി, ഫിഷറീസ്, ഹെല്‍ത്ത്, ഇന്‍ഡസ്ട്രിയല്‍, ഐ എസ് എം, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്, സാക്ഷരതാ മിഷന്, എം വി ഡി, പി ഡബ്ലു ഡി, സര്‍വേ, സാമൂഹ്യനീതി, ട്രൈബല്‍, വനിതാ ശിശു വികസന വകുപ്പ്, മടിക്കൈ പഞ്ചായത്ത്, പള്ളിക്കര, നീലേശ്വരം മുനിസിപ്പാലിറ്റി എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ശക്തമായ മഴയെ തുടര്‍ന്ന് കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് വരെ മാത്രമാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുള്ള , സ്ഥിരം സമിതി അധ്യക്ഷന്മാര്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു