അത്യാധുനിക സംവിധാനങ്ങളിലൂടെ സംസ്ഥാനത്തെ വികസനപദ്ധതികള്‍ പൊതുജനങ്ങളിലെത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയ കിഫ്ബി പവലിയന് ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി കേരളത്തില്‍ നടത്തി വരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ആകെത്തുക കിഫ്ബിയുടെ പവലിയനില്‍ കാണാനാകും. വിവിധ പദ്ധതികളുടെ ചെറുമാതൃകകളാണ് സ്റ്റാളിലേക്ക് കാണികളെ സ്വീകരിക്കുന്നത്. തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ വികസന ചിത്രം അവതരിപ്പിക്കുന്ന 15 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയിലുമുള്ള കൂറ്റന്‍ എല്‍ഇഡി വാള് സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്തും കാസര്‍കോട് ജില്ലയിലും വിവിധ വകുപ്പുകളുടെ കീഴില്‍ കിഫ്ബി നടത്തിവരുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എല്‍ഇഡി വാളില്‍ കാണാന്‍ കഴിയും.
കിഫ്ബി സ്റ്റാളിന്റെ പ്രത്യേകതയും ഏറെ കാണികളെ ആകര്‍ഷിക്കുന്നതുമായ പ്രദര്‍ശനമാണ് വിര്‍ച്വല്‍ റിയാലിറ്റി ബില്‍ഡിംഗ് ഇന്‍ഫോര്‍മേഷന്‍ മോഡല്‍. കിഫ്ബി വഴി നിര്‍മിക്കുന്ന കെട്ടിടങ്ങളെ കുറിച്ചുളള വിവരങ്ങളാണ് ഈ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ ഏതുഭാഗത്തുള്ള കെട്ടിടം വിര്‍ച്വല്‍ റിയാലിറ്റി ബില്‍ഡിംഗ് ഇന്‍ഫോര്‍മേഷന്‍ മോഡല്‍ ഉപയോഗിച്ച് അതാത്് സ്ഥലത്ത് എത്തി കാണുന്ന രീതിയിലാണ് വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കിഫ്ബി നിര്‍മിക്കുന്ന ഒരു കെട്ടിടം അതിന്റെ പൂര്‍ത്തീകരിച്ച രൂപത്തില്‍ മേളയില്‍ കിഫ്ബി സ്റ്റാളില്‍ നിന്ന് നേരില്‍ കാണുന്ന അനുഭൂതി സമ്മാനിക്കുന്നതാണ് ഈ സംവിധാനം. ദൃശ്യങ്ങളും ശബ്ദങ്ങളും ഈ സംവിധാനത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. മേളയില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ സംവിധാനം.
ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആണ് കിഫ്ബി ഒരുക്കിയിരിക്കുന്നതില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു പ്രദര്‍ശനം. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വീടിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണവിവരങ്ങള്‍ ലഭിക്കും. പദ്ധതിയുടെ നിലവിലെ അവസ്ഥ, നിര്‍മാണ പുരോഗതി, പദ്ധതിക്കായി ചിലവഴിച്ച തുക അങ്ങനെ ഒട്ടേറെ വിവരങ്ങള്‍ ഈ കിയോസ്കിലൂടെ പൊതുജനങ്ങള്‍ അറിയാന്‍ സാധിക്കും. കൂടാതെ അഞ്ചു എല്‍ഇഡി ടിവികളിലൂടെ ജില്ലയില്‍ കിഫ്ബി നടത്തിവരുന്ന പദ്ധതികള്‍ അവയുടെ വിശദാംശങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ കാസര്‍കോട് ജില്ലയില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന അല്ലെങ്കില്‍ പൂര്‍ത്തീകരിച്ച വിവിധ പ്രവര്‍ത്തികളുടെ മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം, എംആര്‍സി കൃഷ്ണന് മെമ്മോറിയല്‍ സ്റ്റേഡിയം, ടിഎസ് തിരുമുമ്പ് കള്‍ച്ചറല്‍ കോംപ്ലക്സ്, വെള്ളച്ചാല്‍ ഹോസറ്റല് ബില്‍ഡിംഗ്, കയ്യൂര്‍ ഇകെ നായനാര്‍ മെമ്മോറിയല്‍ ഐടിഐ, കോളിച്ചാല്‍ എടപ്പറമ്പ മലയോര ഹൈവേ, , തെക്കില്‍ ആലാട്ടി മലയോര ഹൈവേ റോഡ്, കോസര്‍കോട് മുനിസിപ്പാലിറ്റിചെമ്മനാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ജലവിതരണ പദ്ധതി തുടങ്ങിയ പദ്ധതികളുടെ മാതൃകകള്‍ പ്രദര്‍ശനത്തിനായി അണിനിരത്തിയിരിക്കുന്നു.