CLOSE

വ്യക്തിത്വ വികാസം; എന്‍സിസിയുമായി കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വ്വകലാശാല

Share

പെരിയ: കേഡറ്റുകളുടെ വ്യക്തിത്വ വികാസത്തിനും നേതൃശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എന്‍സിസിയുമായി കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വ്വകലാശാല. പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍സിസി 32 കേരള ബറ്റാലിയനിലെ കേഡറ്റുകള്‍ക്ക് വിവിധ മേഖലകളില്‍ സര്‍വ്വകലാശാലയില്‍ പരിശീലനം ആരംഭിച്ചു. എന്‍സിസിയുടെ പടന്നക്കാട് നടക്കുന്ന വാര്‍ഷിക പരിശീലന ക്യാംപിന്റെ ഭാഗമായാണ് പരിപാടി. ഈ ക്യാംപില്‍ നിന്നും ദിവസേന നാല്‍പ്പത് കേഡറ്റുകള്‍ വീതമാണ് പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തനം, ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങള്‍, ആരോഗ്യകരമായ ജീവിത ശൈലി, തൊഴില്‍ അവസരങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അധ്യാപകരും വിദഗ്ധരുമാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. ഇതിന് പുറമെ അധ്യാപകരുമായുള്ള സംവാദവുമുണ്ട്. സയന്‍സ് ലാബുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കുകയും ചെയ്യുന്നു. കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ഇ.ഗോവിന്ദ്, 32 കേരള ബറ്റാലിയന്‍ കമാണ്ടിംഗ് ഓഫീസര്‍ വൈ.വിജയകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

വൈസ് ചാന്‍സലര്‍ക്ക് ഉപഹാരം കൈമാറിയ ബ്രിഗേഡിയര്‍ ഇ.ഗോവിന്ദ് സര്‍വ്വകലാശാലയുടെ സഹകരണത്തിന് നന്ദി അറിയിച്ചു. ജീവിതനൈപുണി വികസനത്തിന് സര്‍വ്വകലാശാലയിലെ ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ എന്‍സിസി കേഡറ്റുകള്‍ക്ക് നല്‍കി വരുന്ന പരിശീലനം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍സിസിയുമായുള്ള ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ ആവിഷ്‌കരിക്കും. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം പൊതുസമൂഹത്തിന് ഉപകരിക്കണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഏപ്രില്‍ 30ന് ആരംഭിച്ച പരിശീലനം മെയ് 9നാണ് സമാപിക്കുന്നത്.

Leave a Reply

Your email address will not be published.