കാസറഗോഡ്: ഓണ്‍ലൈനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചു നല്‍കുക വഴി ചോദ്യപേപ്പര്‍ ശാസ്ത്രീയമായി ചോര്‍ത്താന്‍ അവസരം നല്കി വേണ്ടപ്പെട്ട വിദ്യാര്‍ഥികളെ വിജയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ സര്വ്വകലാശാലകളിലെന്ന് കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി മുഹമ്മദലി മാധ്യമങ്ങളോട് പറഞ്ഞു. ഇ-മെയിലിലൂടെ ചോദ്യപേപ്പര്‍ 1.5 മണിക്കൂര്‍ മുമ്പ് അയക്കുന്ന സംവിധാനം ഏറ്റവും ഒടുവിലായി മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ വന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച വിവാദമാണ് പ്രസ്തുത ഉത്തരവ് മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്നാല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രണ്ടുവര്‍ഷമായി ഈ സംവിധാനം ഉണ്ട്.കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ താരതമ്യേന കുറവുള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കപ്പെടുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു വര്‍ഷക്കാലം മുമ്പ് പുതിയ പരീക്ഷാ സമ്പ്രദായം നടപ്പിലാക്കിയെങ്കിലും ശക്തമായ പ്രതിഷേധം വന്നതിനാല്‍ അത് മാറ്റി വെച്ചങ്കിലും രണ്ടുമാസമായി വീണ്ടും നടപ്പില്‍ വരുത്തുകയും ചെയ്തു. ഇന്നലെ കണ്ണൂര്‍ സര്‍വകലാശാലയിലും ഉത്തരവ് വന്നു. യാതൊരു മുന്നൊരുക്കങ്ങ ളുമില്ലാതെ എല്ലാ സര്‍വകലാശാലകളും ഇത് നടപ്പിലാക്കിയതില്‍ നിഗൂഢതകളുണ്ട്.. രാഷ്ട്രീയ സംവിധാനം വളര്‍ത്തുവാന്‍ കോളേജുകളില്‍ വരുന്ന വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി മാത്രം കൊണ്ടുവന്ന സംവിധാനമാണിത് എന്ന് ഞങ്ങള്‍ അരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള പി.എസ്. സി പരീക്ഷകളില്‍ പ്പോലും വേണ്ടപ്പെട്ടവര്‍ക്ക് ചോദ്യങ്ങള്‍ ചോര്‍ത്തു നല്കി റാങ്ക് ലിസ്റ്റില്‍ മുകളിലെത്തിച്ചത് കേരളം കണ്ടതാണ്.
ഇന്ത്യയില്‍ മറ്റു സര്‍വകലാശാലകളിലും ഈ സംവിധാനം ഉണ്ട് എങ്കിലും നമ്മള് മനസ്സിലാക്കേണ്ടത് അരമണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യപേപ്പര്‍ പാസ്സ്വേര്‍ഡ് സര്‍വകലാശാലകള്‍ നല്‍കുകയുള്ളൂ. മാത്രമല്ല ഇങ്ങനെയൊരു സംവിധാനം നടപ്പില്‍ വരുത്തുമ്പോള്‍ ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തു വളരെ വേഗം വിതരണം ചെയ്യാനുള്ള സാങ്കേതിക സംവിധാനം എല്ലാ കോളേജുകളിലും ഉണ്ട്. അതുകൂടാതെ ആ അരമണിക്കൂര്‍ മുന്‍പായി വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ കയറുവാന്‍ നിര്‍ബന്ധിത സംവിധാനവും ഒരുക്കിയിട്ടുണ്ട് .ഇവിടെ നേരെമറിച്ച് ഒന്നര മണിക്കൂര്‍ മുന്‍പ് ചോദ്യപേപ്പര്‍ പാസ്സ്വേര്‍ഡ് നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ തുടങ്ങിയതിനുശേഷം അരമണിക്കൂര്‍ വരെ പരീക്ഷാ ഹോളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുകയും രണ്ടുമണിക്കൂറോളം ചോദ്യപേപ്പര്‍ പുറത്ത് വന്നതിന് ശേഷം പരീക്ഷ എഴുതുവാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. ചോദ്യങ്ങള്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പറയാത്തതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച സമൂഹം ചര്‍ച്ച ചെയ്യുന്നില്ല എന്ന് മാത്രം.
ചോദ്യ പേപ്പര്‍ ചോര്‍ന്നു പോവാതിരിക്കാനുള്ള യാതൊരു നടപടികളും സര്‍വ്വകലാശാല എടുത്തിട്ടില്ല. സര്‍വകലാശാല പുനര്‍വിചിന്തനം ചെയ്യുന്നില്ലെങ്കില്‍ നിയമ പോരാട്ട മടക്കമുള്ള സമരങ്ങളിലേക്ക് സംഘടന നീങ്ങുമെന്നും ഡോ. ടി മുഹമ്മദലി പറഞ്ഞു.