ഒരു സംരംഭം തുടങ്ങാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കൂടെ നില്ക്കാന് ഞങ്ങളുണ്ടെന്ന ഉറപ്പാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്നത്. പരമ്പരാഗത വ്യവസായ ഉത്പന്നങ്ങളുടെ മാസ്മരികത ഇവിടെ അനുഭവിച്ചറിയാം. മണ്മറിഞ്ഞ് പോകുന്ന പല ഉത്പന്നങ്ങളുടെയും പ്രദര്‍ശന നഗരിയാണ് ഇവിടം. കൈത്തറി, കയര്‍, ബീഡി വ്യവസായം എന്നിവ ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ നാള്‍വഴികള്‍ നമ്മുക്ക് നേരിട്ട് കണ്ടറിയാന്‍ കഴിയും. ആദ്യകാലത്ത് മണ്‍പാത്ര നിര്‍മാണത്തിന് ഉപയോഗിച്ച കരിങ്കല്‍ യന്ത്രം മുതല്‍ ഏറ്റവും പുതിയ യന്ത്രങ്ങള്‍ വരെ ഇവിടെ കാണാം.
ആധുനിക മണ്‍പാത്ര നിര്‍മാണ രീതികളും പരിചയപ്പെടുത്തുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും നേരിട്ടറിയാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ വിവരങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യൂണിഫോം മുതല്‍ ഖാദിയുടെ സാരി വരെ വകുപ്പിന്റെ വാണിജ്യ സ്റ്റാളിലുണ്ട്. കമുകില്‍ പാള കൊണ്ടുള്ള വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള് ഉണ്ടാക്കുന്ന രീതിയും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്റ്റാളിലെ നാളികേര ലഡു ഇതിനകം താരമായിട്ടുണ്ട്. പ്രതിദിനം നൂറിലധികം പേരാണ് സംരംഭക പദ്ധതികളെ കുറിച്ചറിയാന്‍ സ്റ്റാളിലെത്തുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. വകുപ്പിന്റെ നേരിട്ടുള്ള സ്റ്റാളില്‍ സംരംഭകര്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നു.