കാഞ്ഞങ്ങാട് : കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടുന്ന തീവ്ര ഇസ്ലാമിക സംഘടനകളെ മുന്നണിയുടെ ഭാഗമാക്കികൊണ്ട് അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് സി.പി.എമ്മെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു. നെല്ലിത്തറയില്‍ നടക്കുന്ന ബിജെപി കാസര്‍ഗോഡ് ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷകരമെന്നും സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍ പ്രോജക്ട്. 500 കിലോമീറ്ററോളം നീളത്തില്‍ കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ പല മേഖലകളിലെയും വിദഗ്ദ്ധര്‍ എതിര്‍ത്തിട്ടും ആ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്ന ഇടത് മുന്നണി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബിജെപി എന്ത് വിലകൊടുത്തും ഇതിനെ എതിര്‍ക്കുമെന്നും അഡ്വ. സുധീര്‍ കൂട്ടിചേര്‍ത്തു.
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, സംസ്ഥാന ജനറല്‍ സെക്രട്ടറി (സംഘടന) എം. ഗണേശന്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക് എന്നിവര്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് സ്വാഗതവും വിജയകുമാര്‍ റൈ നന്ദിയും പറഞ്ഞു.