എങ്ങനെ നല്ല ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാമെന്ന് തുറന്ന് കാട്ടി കൃഷി വകുപ്പിന്റെ എനിക്കും വേണം ഒരു പോഷകത്തോട്ടം സെമിനാര്‍. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പരിപാടിയിലാണ് കര്‍ഷകര്‍ക്കായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. നീലേശ്വരം കൃഷി ഭവന് കൃഷി ഓഫീസര്‍ കെ.എ ഷിജോ സെമിനാര്‍ അവതരണം നടത്തി. വീടുകള്‍ തോറും എങ്ങനെയാണ് ഒരു പോഷക തോട്ടം നിര്‍മ്മിക്കുകയെന്നും എന്തൊക്കെ ഇനങ്ങളാണ് കൃഷി തോട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും വള പ്രയോഗം എങ്ങനെയാകണമെന്നും സെമിനാറില്‍ വ്യക്തമാക്കി. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആര്. വീണാ റാണി മോഡറേറ്ററായി. പ്രശസ്ത സിനിമാ സീരിയല്‍ നടന് ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, ഞങ്ങളും കൃഷിലേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി വീഡിയോകള്‍ക്ക് ജേതാക്കള്‍ക്കുള്ള സമ്മാനദാനം, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം എന്നിവ വിതരണം ചെയ്തു. തുടര്‍ന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ അരങ്ങേറി. അസി. കൃഷി ഡയറക്ടര്‍ എന്‍ മീര സ്വാഗതവും അസി. സോയില്‍ കെമിസ്റ്റ് നിഷ ഭായ് നന്ദിയും പറഞ്ഞു.