CLOSE

പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന് ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്

Share

പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന് ആസ്വാദകര്‍ക്ക് മുന്നില്‍ സംഗീതവിസ്മയം തീര്‍ത്ത് ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ നടത്തിവരുന്ന എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ് സംഗീതാസ്വാദകര്‍ക്കായി സംഗീതവിസ്മയം ഒരുക്കിയത്. തങ്ങളുടെ പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന കലാകാരന്മാരായ മര്‍വാന്‍ മുനവ്വര്‍, സായി ഹരി, നിഹാല്‍ അഹമ്മദ്, ഇ പി ആരോമല്‍ എന്നിവരാണ് വേദിയില്‍ അണിനിരന്നത്. ഇവര്‍ക്ക് പുറമെ ജോബ് സാജ്, എം ആര്‍ റോഷന്‍, നന്ദു എന്നിവര്‍ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു. സംഗീത ചികിത്സയുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികള്‍ക്ക് വേണ്ടി ഇങ്ങനെയൊരു മ്യൂസിക് ബാന്‍ഡ് തയ്യാറാക്കിയത് സംഗീത അധ്യാപകന്‍ എടപ്പാള്‍ സ്വദേശിയായ നിര്‍ഷാദ് നിനിയാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നട, അറബിക് ഭാഷകളിലായി പതിനഞ്ചോളം പാട്ടുകള്‍ പാടിയും ഗിത്താര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീത ഉപകരണങ്ങള്‍കൊണ്ട് തങ്ങളുടേതായ പ്രകടനങ്ങള്‍ കാഴ്ചവച്ചുമാണ് ഇവര്‍ സംഗീതാസ്വാദകരുടെ നിറകൈയ്യടി നേടിയത്. നിരവധി ആളുകളാണ് ഈ സംഗീത സാഗരത്തിന് സാക്ഷിയാകാന്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ വേദിയില്‍ എത്തിയത്. ജില്ലാ സാമൂഹിക നീതി വകുപ്പ് ബി ആര്‍ ഡി സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.