CLOSE

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സൈബര്‍ സുരക്ഷാ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി

Share

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചതിനെത്തുടര്‍ന്ന് ജി.എച്ച്.എസ്.എസ് കക്കാട്ട് സ്‌കൂളില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടി ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ ആദ്യ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത് ജി.എച്ച്.എസ്.എസ് കക്കാട്ട് യൂണിറ്റിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍, പി വി ഭവ്യ, എം മായ, വി തൃതീയ എന്നിവരും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരായ കെ സന്തോഷ്, സി ഷീല എന്നിവരുമാണ്. ഉദ്ഘാടന പരിപാടിയ്ക്ക് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ കോഓര്‍ഡിനേറ്റര്‍ കെ ശങ്കരന്‍, മാസ്റ്റര്‍ ട്രെയിനര്‍ കെ വി മനോജ്, സി വരുണ്‍, ജി.എച്ച്.എസ്.എസ് കക്കാട്ട് പ്രഥമധ്യാപകന്‍ പി വിജയന്‍, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 115 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തില്‍ 20000 അമ്മമാര്‍ക്കാണ് പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. മെയ് 7 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 30 പേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഹൈസ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.