എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നടത്തിയ ബഹുഭാഷാ സാഹിത്യ സദസ്സാണ് വിവിധ ഭാഷകളുടെ കൂടിച്ചേരലിന് വേദിയായത്. കാസര്‍കോടിന്റെ സപ്തഭാഷ പാരമ്പര്യം എടുത്തു കാട്ടിയ സദസ്സില്‍ മാതൃഭാഷയുടെ പ്രാധാന്യവും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവിശ്യകതയും ഉയര്‍ത്തി കാട്ടി. മലയാളത്തിന് പുറമേ കന്നഡ, കൊങ്കിണി, തുളു, മറാഠി, കര്ഹാഡ തുടങ്ങിയ ഭാഷകള്‍ ഒരു വേദിയില്‍ നിന്നും കേട്ടറിയാനായത് പുതു തലമുറയ്ക്ക് മറക്കാനാകാത്ത അനുഭവമായി മാറി. കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളുകളില്‍ മലയാളവും കന്നഡയും സംസാരിക്കുന്നവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ പഠിക്കാന്‍ അവസരമുണ്ട്. എന്നാല്‍ തുളു ഭാഷ സംസാരിക്കുന്നവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാന്‍ അവസരമില്ല. ഇതിനുള്ള ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു വേണ്ട ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയുടെയും ഒറ്റപ്പെടുത്തലിന്റെയും ഒഴിഞ്ഞു പോകലിന്റെയും കാലത്ത് കൂടിചേരലിന്റെ പ്രാധ്യാന്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിന്റെ പ്രതിരോധ മൂല്യം വിമോചന മൂല്യവും വളരെ ശ്രദ്ധേയമാണ്. ലോകത്തിന്റെ ഏറ്റവും വലിയ അത്ഭുതം പല ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉണ്ടന്നുള്ളതാണ്. കാസര്‍കോടിന്റെ അഭിമാനമായി നമ്മുക്ക് എടുത്ത് പറയേണ്ട ഒരു കാര്യം ഭാഷ തന്നെയാണ്. ശ്രേഷ്ഠമായ ഭാഷകളാല്‍ അനുഗ്രഹീതമാണ് നമ്മുടെ കാസര്‍കോട്. ഒരു ഭാഷയില്‍ അവിടുത്തെ സംസ്കാരം കൂടി കലര്‍ന്നിട്ടുണ്ടാകും. പല ഭൂമി ശാസ്ത്രങ്ങളിലും പല ചരിത്രങ്ങളിലും ജീവിക്കുമ്പോള്‍ അവിടെ ഒരു ഭാഷയാണ് ഉടലെടുക്കുന്നതെന്നും പുതിയൊരു വാക്കില്‍ നിന്നും പുതിയൊരു ലോകമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലോകം പത്രാധിപര്‍ പി വി കെ പനയാല്‍ അധ്യക്ഷനായി. പയ്യന്നൂര്‍ കുഞ്ഞിരാമന്, കെ വി കുമാരന് എന്നിവര്‍ ഭാഷയെക്കുറിച്ച് സംസാരിച്ചു. മലയാള ഭാഷയെ പ്രതിനിധീകരിച്ച് ദിവാകരന് വിഷ്ണുമംഗലം, ബിജു കാഞ്ഞങ്ങാട്, സി പി ശുഭ, രവീന്ദ്രന് പാടി, ടി കെ പ്രഭാകര കുമാര്‍ എന്നിവരും കന്നഡ ഭാഷയെ പ്രതിനിധീകരിച്ച് രാധാകൃഷ്ണന് ഉളിയത്തടുക്ക, സുന്ദര ബാരട്ക്ക, എന്നിവരും തുളുഭാഷയില്‍ മീനാക്ഷി ബോഡ്ഡോടി, കൊങ്കിണി ഭാഷയില്‍ ഗണേഷ് പ്രസാദ് മഞ്ചേശ്വരം, മറാഠി ഭാഷയില്‍ സുഭാഷ് പെര്‍ല, കര്ഹാഡ ഭാഷയില്‍ ജ്യോത്സ്ന കടണ്ടേലു എന്നിവരും കവിതകള്‍ അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിധീഷ് ബാലന് നന്ദിയും പറഞ്ഞു.