തുടിയും ചെണ്ടയും ചടുലമായ നൃത്തച്ചുവടുകളും നിറഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ആറാം നാള്. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേളിയില്‍ വടക്കന്‍ മലബാറിലുള്ള ചില ആദിവാസി സമുദായങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള മങ്ങലംകളി, മാവിലസമുദായത്തിന്റെ പ്രധന കലാരൂപമായ എരുതുകളി, ഹിന്ദു മുസ്ലിം സൗഹൃദത്തിന്റെ ചരിത്രം പറയുന്ന ആലാമിക്കളി എന്നിവ നാട്ടരങ്ങില്‍ നിറഞ്ഞു. നാടന്‍പാട്ടിന്റെ ശീലുകളും വായ്ത്താരികളും ആസ്വാദകര്‍ ഏറ്റുപാടി. താളം പിടിച്ചും കൈകൊട്ടിയും പാട്ടുകള്‍ ഏറ്റുപാടിയും ചുവടുകള്‍വെച്ചും കാണികള്‍ കലാപ്രകടനങ്ങള്‍ ആസ്വദിച്ചു. ഉദയന്കുണ്ടംകുഴിയുടെ നേതൃത്വത്തില്‍ നടന്ന നാട്ടരങ്ങില്‍ അരങ്ങേറിയ മംഗലംകളിയില്‍ 30 പേരും എരുത് കളിയില്‍ 12പേരും അലാമിക്കളിയില്‍ പത്ത് പേരും നാടന്‍പാട്ടില്‍ 15 പേരും വേദിയില്‍ നിറഞ്ഞു നിന്നു. ഗോത്രപെരുമ രാവണേശ്വരം മംഗലംകളി, എര്ത് കളിയും, റെഡ്സ്റ്റാര്‍ ഒഴിഞ്ഞവളപ്പ് അലാമികളിയും, നാട്ടകം ഫോക് തിയെറ്റര്‍ ബീബുംങ്കാല്‍ നാടന്‍പാട്ടും അവതരിപ്പിച്ചു.
അലാമികളി
മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശങ്ങളും ചരിത്രസ്മരണകളിലേയ്ക്ക് വഴിതുറന്നും ഒരു കാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളെ തൊട്ടുണര്‍ത്തിയ കലാരൂപമായിരുന്നു അലാമിക്കളി. മുസ്ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കര്ബലയുദ്ധത്തിന്റെ സ്മരണയാണ് അലാമികളിയിലൂടെ പ്രതിഫലിക്കുന്നത്. നസ്രത്ത് ഇമാം ഹുസൈന്റെ നേതൃത്വത്തില്‍ ഏകാധിപതിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരെ ധര്‍മ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തില്‍ ശത്രുസൈന്യങ്ങള്‍ കരിവേഷമണിഞ്ഞ് ഹുസൈന്റെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ് അലാമിവേഷങ്ങള്‍. അതി കഠിനമായ യുദ്ധത്തിനിടയില്‍ തളര്‍ന്നുപോയ ഹുസൈന്റെ ആള്ക്കാര് ദാഹജലത്തിനായി ഉഴറി നടന്നപ്പോള്‍ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങള്‍ നിരത്തി ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവ വികാസങ്ങള്‍ അലാമികളിയില്‍ അനുസ്മരിക്കുന്നുണ്ട്. കേവലം ഉത്സവമെന്ന നിലവിട്ട് മതമൈത്രിയുടെ സമ്മേളനവുമായിരുന്നു മുഹറത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന അലാമികളി. ഇതില്‍ ഹിന്ദുക്കളും വിശ്വാസപൂര്‍വ്വം പങ്കാളികളാകുന്നു. അലാമിയാകുക എന്നത് ഒരു പ്രാര്‍ത്ഥനയായി കണക്കാക്കിയിരുന്നു. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് ആലാമിപ്പള്ളിയിലാണ് പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നതെങ്കിലും ജില്ലയില്‍ തന്നെ ചിത്താരി, കോട്ടിക്കുളം, കാസര്‍കോട്, കുണ്ടംകുഴി എന്നിവിടങ്ങളിലും കൂടാതെ മംഗലാപുരം ഭാഗങ്ങളിലും അലാമിക്കളി അരങ്ങേറാറുണ്ടായിരുന്നു. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ച് സംഘടിപ്പിച്ച് വന്നത്. തുര്ക്കന്മാരെന്നും സാഹിബന്‍മാരെന്നും ഇവര്‍ അറിയപ്പെടുന്നു.
മംഗലംകളി
ഗോത്രജന വിഭാഗക്കാരായ മാവില മലവേട്ടുവ സമുദായക്കാരുടെ ഇടയിലുള്ള സംഗീതനൃത്തരൂപമാണ് മംഗലംകളി. മംഗലമെന്നാല് കല്യാണമെന്നാണ് അര്‍ത്ഥം. കാസര്‍കോട് ജില്ലയിലെ ബളാല്‍, പരപ്പ, ബേഡകം, കുറ്റിക്കോല്‍ പ്രദേശങ്ങളിലാണ് ഇവര്‍ വ്യാപിച്ചു കിടക്കുന്നത്. പണ്ടുകാലത്ത് പെണ്‍കുട്ടികളുടെ കാതുകുത്ത് മംഗലം, തെരണ്ടു കല്ല്യാണം, താലി മംഗലം, പുങ്ങന്‍ മംഗലം എന്നീ ചടങ്ങുകള്‍ക്കാണ് പ്രധാനമായും മംഗലംകളി അരങ്ങേറുക. വിനോദ വേളകളിലും മംഗലം കളി കളിക്കും. ആണുങ്ങള് തുടിയടിച്ച് പാടുകയും പെണ്ണുങ്ങളും കുട്ടികളും പുരുഷന്മാരും കല്യാണ പന്തലിന്റെ നടുഭാഗത്തുള്ള തൂണിന് ചുറ്റും ചോട് വെച്ച് കളിക്കുകയും ചെയ്യും. മംഗലം കളിയുടെ പ്രധാന വാദ്യോപകരണം തുടിയാണ്. ഏഴ് തുടികള്‍ ഉപയോഗിക്കണമെന്നാണ് ആചാരപരമായ കണക്ക്. കല്ല്യാണതലേനാള് അന്തിയോടെ തുടങ്ങുന്ന കളി ഏറെ വൈകുംവരെ തുടരും. ജന്മി ഗൃഹത്തിലേക്ക് കല്ല്യാണ പെണ്ണിനെ കാണിക്കുവാന്‍ കൊണ്ടുപോവുമ്പോള്‍ വഴി നീളെ പാടികളിക്കും. ഇതിനെ പടപ്പാട്ട് എന്നു പറയും. കല്ല്യാണകളിയാണെങ്കിലും പാട്ടുകളില്‍ ഒന്നും തന്നെ കല്ല്യാണ ചടങ്ങുകളേ കുറിച്ചോ ചെക്കനെയും പെണ്ണിനെയും കുറിച്ചോ ഒന്നും തന്നെ വര്‍ണ്ണിക്കുന്നില്ല. ഓരോ പാട്ടുകളിലും ഓരോ അനുഭവങ്ങളായിരിക്കും പ്രതിപാദിക്കുന്നത്. ‘ചിങ്കിരി ‘ എന്ന പാട്ടില്‍ നായാട്ടു രീതികളെ കുറിച്ചും, ‘ഉറികുടിപ്പാളു’ എന്ന പാട്ടില്‍ പ്രാകൃത ശിക്ഷാരീതിയെ കുറിച്ചും, ‘പുര്‍ളി’ പാട്ടില്‍ പഴയകാല ജീവിതാവസ്ഥ ചിത്രീകരിക്കുകയും ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ആശയങ്ങളാല്‍ സമ്പുഷ്ടമായ പാട്ടുകള്‍ തുളുവിലും മലയാളത്തിലുമാണുള്ളത്. അടിയാള ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് മംഗലം കളിപാട്ടുകളില് നിറഞ്ഞു കാണുക. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ഏതു രീതിയിലാണ് ഒരു ദേശത്തിന്റെ സാമൂഹിക സാമ്പത്തികാടിത്തറ നിര്‍മ്മിച്ചതെന്ന് ഈ കളിപ്പാട്ടുകള്‍ വ്യക്തമാക്കുന്നു.
എര്ത് കളി
തുലാപ്പത്തിന് മാവിലര്‍ തങ്ങളുടെ ഗ്രാമ പ്രവിശ്യയില്‍ നടത്തുന്ന ഒരു വിനോദ കലാരൂപമാണ് എര്തുകളി. എരുത് എന്നാല്‍ വലിയ കാള എന്നാണര്‍ത്ഥം. എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. മുളം കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് തീര്‍ക്കുന്നതാണ് എടുപ്പു കാള. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലര്‍ വീടുകള്‍ തോറും കയറി ഇറങ്ങും. കളിക്കാര്‍ക്ക് വീട്ടുകാര്‍ സമ്മാനങ്ങളും നല്‍കും തുലാ മാസം പത്തിന് തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നില്ക്കും.
നാടന്‍പാട്ടുകള്‍
ഏലേലം വായ്ത്താരികള്ക്കൊപ്പം മണ്ണിനോട് പടവെട്ടിയ മനുഷ്യര്‍ പാടിയ വാമൊഴി ചിന്തുകള്‍. ജീവന്റെയും ഭാവിയുടെയും നേര്‍ത്ത വെള്ളിവെളിച്ചങ്ങള്‍ കനവു കണ്ട് അവര്‍ പാടിയ പാട്ടുകള്‍ അധീശത്വത്തിനെതിരെയുള്ള ചെറുത്തു നില്്പായിരുന്നു. അടിയാള ജീവിതങ്ങളുടെ കനലെരിച്ചിലുകളാണ് നാടന്‍പാട്ടുകളായി പൊട്ടി മുളച്ചത്. കൂട്ടിപിടിത്തമുള്ള ജീവിതങ്ങളും പച്ചയായ ഉലക കാഴ്ചകളും അടിച്ചമര്‍ത്തപ്പെട്ട മനസിന്റെ വീറുള്ള കിനാക്കളും അവര്‍ പാട്ടിലൂടെ നെയ്തെടുത്തു. മനസ് മലിനമാകാത്തൊരു ജനത പിന്‍ഗാമികള്‍ക്ക് നല്കിയ പാരമ്പര്യ സ്വത്താണ് നാടന്‍ പാട്ടുകള്‍. ഇത് ഒട്ടധികം ഓര്‍മ്മകളുടെ കണ്ടെത്തലാകുന്നു. നാടന്‍ പാട്ടുകളുടെ കണ്ടെടുപ്പ് മണ്മറഞ്ഞ ഓരോ സംസ്കാരത്തിന്റെയും കണ്ടെടുപ്പാകുന്നു. ജീവിതത്തിന്റെ പച്ചയായതും ആത്മാര്‍ത്ഥവുമായ ആവിഷ്കാരമാണിത്. ചിട്ടപ്പെടുത്തിയിട്ടില്ലാത്ത മനസുകളുടെ താളങ്ങളും ഈണങ്ങളും വാമൊഴികളും നെഞ്ചേറ്റുമ്പോള്‍, അടിയാളരുടെ നെഞ്ചിനകത്തു നിന്നുയരുന്ന പാട്ടുകള്‍ നേരിന്റെ വഴി കാട്ടാനും പ്രതിഷേധത്തിന്റെ കനലായും നിലനിന്നു.