പെരിയ: ജില്ലയുടെ ആരോഗ്യ വികസനത്തിന് കേരള കേന്ദ്ര സര്‍വ്വകലാശാല പ്രയത്നിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു. ഗ്രാമീണ, ആദിവാസി മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍വ്വകലാശാലയുടെ മിഷന് ഫോര്‍ ഹെല്‍ത്ത് ആന്റ് ഡവലപ്മെന്റ് പദ്ധതിയുടെ തടക്കം പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. മറ്റ് മേഖലകളിലും സാമൂഹ്യ സേവനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കും. ജില്ലാ കലക്ടര്‍, എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സര്‍വ്വകലാശാലയിലെ അരാവല്ലി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സര്‍വ്വീസസ്, എന്‍എസ്എസ്, പഠന വകുപ്പുകളായ പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്യൂണിറ്റി മെഡിസിന്, യോഗ, സോഷ്യല്‍ വര്‍ക്ക് എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ആരതി ആര്. നായര്‍, ഡോ.കണ്ണന് എ.എസ്, അധ്യാപകരായ ഡോ.സുബ്രഹ്മണ്യ പൈലൂര്‍, ഡോ.എലിസബത്ത് മാത്യൂസ് എന്നിവര്‍ സംസാരിച്ചു. ഡോ.വൃന്ദ മാധവന് യോഗാ ക്ലാസ്സ് നടത്തി. സജ്ന ചന്ദ്രന് യോഗ അവതരിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും നടന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.