CLOSE

‘സാമൂഹ്യനീതിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണവും’ ചര്‍ച്ചയായി എന്റെ കേരളം മേളയുടെ സെമിനാര്‍ വേദി

Share

കാഞ്ഞങ്ങാട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹ്യനീതിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണവും ,ഭിന്നശേഷി ,വയോജന ട്രാന്‍സ്ജെന്‍ഡര്‍ മേഖലകളിലെ ഇടപെടലും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് സെമിനാര്‍ സംഘടിപ്പിച്ചു.

യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടറും, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ മെന്റല്‍ ചലഞ്ചസ് മുന്‍ ഡയറക്ടറുമായ ഡോ. എം.കെ ജയരാജ് ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങളും, വെല്ലുവിളികളും അവ ദൂരീകരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും ചര്‍ച്ചചെയ്തു. ഭിന്നശേഷിയില്‍ തന്നെ 21 വിഭാഗങ്ങള്‍ ഉണ്ടെന്നും, ഓരോ വിഭാഗത്തിനും ഓരോ തരത്തിലുള്ള കരുതലും പരിഗണനയുമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ കുടുംബങ്ങളുടെ മാത്രം ഉത്തരവാദിത്തമായി മാറാതിരിക്കാന്‍ ഉള്ള ഒരു നയം ശക്തിപ്പെടുത്തേണ്ടതുണ്ടന്നും നീതിയുക്തമായ ജീവിതം അവര്‍ക്ക് ഉറപ്പാക്കേണ്ടത് സമൂഹം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര മേഖല ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ വൈകല്യങ്ങള്‍ കണ്ടെത്തി ഭിന്നശേഷി കുഞ്ഞുങ്ങളുടെ ജനനം തടയാന്‍ സാധിക്കും, അതുപോലെ പ്രധാനമാണ് നേരത്തെ ഉള്ള ഇടപെടല്‍, മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വൈകല്യങ്ങള്‍ ശാസ്ത്രപരമായ ഇടപെടല്‍ നടത്തി 80% വരെ ഭിന്നശേഷിയുടെ സങ്കീര്‍ണത കുറക്കാന്‍ സാധിക്കും. ശരിയായ രീതിയിലുള്ള പരിശീലനത്തിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയോജന മേഖല വെല്ലുവിളികളെ കുറിച്ച് സംസാരിച്ചത് ഡോ. സുരേഷ് കുമാറാണ്. സാന്ത്വന പരിചരണത്തിലും ദീര്‍ഘകാല പരിചരണത്തിലും കമ്മ്യൂണിറ്റി പങ്കാളിത്തത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രം മേധാവിയാണ് ഡോ സുരേഷ് കുമാര്‍.
വയോജന ജനങ്ങളില്‍ കണ്ടുവരുന്ന ആരോഗ്യ സാമൂഹ്യ മാനസിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. വയോജനങ്ങളെ സംരക്ഷിക്കാന്‍ ഒരുപാട് നയങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും വേണ്ടരീതിയില്‍ ഫലവത്താകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കവയിത്രിയും ആക്ടിവിസ്റ്റുമായാ വിജയരാജ മല്ലിക ട്രാന്‍സ്ജെന്റര്‍ മേഖലയിലെ ഇടപെടലുകളെയും വെല്ലുവിളികളേയും കുറിച്ചു ചര്‍ച്ച ചെയ്തു.
ലിംഗനീതിയും, ലിംഗസമത്വവും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡര്‍സ് . ഇത്തരം വ്യക്തികളോട് സമൂഹത്തിനുള്ള അവഗണനയും അവര്‍ അനുഭവിക്കുന്ന ഉള്‍വലിയലും ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമുള്ള ഇടപെടല്‍ സമൂഹത്തില്‍ ആവശ്യമാണ് എന്ന് വിജയരാജ മല്ലിക ഓര്‍മ്മിച്ചു.ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി.കെ ഷീബ മുംതാസ് സ്വാഗതവും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പി ബിജു ചടങ്ങില്‍ നന്ദിയും അറിയിച്ചു.

ഫോട്ടോ – എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹ്യനീതിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണവും ,ഭിന്നശേഷി ,വയോജന ട്രാന്‍സ്ജെന്‍ഡര്‍ മേഖലകളിലെ ഇടപെടലും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച സെമിനാറില്‍ യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടറും, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ മെന്റല്‍ ചലഞ്ചസ് മുന്‍ ഡയറക്ടറുമായ ഡോ. എം.കെ ജയരാജ് സംസാരിക്കുന്നു

Leave a Reply

Your email address will not be published.