CLOSE

സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിജയമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ

Share

സുസ്ഥിര വികസനത്തിനാണ് സാമൂഹ്യ സുരക്ഷയും മതനിരപേക്ഷതയും ഉറപ്പുവരുത്തി വികസനത്തിനു ഗതിവേഗം പകര്‍ന്ന പിണറായി വിജയന്‍
സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിജയമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധേയമായ വികസനമാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ഈ വികസനത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷയായി. ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന , കാഞ്ഞങ്ങാട് നഗരസഭ വൈസ്‌ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, എഡിഎം എ.കെ. രമേന്ദ്രന്‍, കാഞ്ഞങ്ങാട് സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ബിആര്‍ഡിസി എംഡി ഷിജിത്ത് പറമ്പത്ത്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അഹമ്മദലി, ഫിനാന്‍സ് ഓഫിസര്‍ എന്‍ ശിവപ്രകാശന്‍ നായര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ കെ.സജിത്ത്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. മായാകുമാരി, കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. മേളയിലെ വിവിധ സ്റ്റാളുകളില്‍ നിന്ന് തിരഞ്ഞെടുത്ത സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മേളയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയില്‍ പ്ലോട്ടുകള്‍ അണിനിരത്തിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പൊതുവിദ്യഭ്യാസ വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിജയകരമായ കൊടിയിറക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ ഏഴ് നാള്‍ നീണ്ടുനിന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള തിങ്കളാഴ്ച സമാപിച്ചു. പ്രദര്‍ശന വിപണന സ്റ്റാളുകളും കലാ സാംസ്‌കാരിക സന്ധ്യകളും സെമിനാറുകളും മേള കാണാനെത്തിയ ജനസാഗരത്തിന് നവ്യാനുഭവമായി. പ്രിയമേറിയ രുചിക്കൂട്ടുകള്‍ തേടിയും തോട്ടങ്ങളിലേക്ക് ചെടികള്‍ തേടിയും വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും പുതുമയാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താന്‍ പതിനായിരങ്ങള്‍ മേളയിലെത്തി. പൊതുമരാമത്ത് വകുപ്പ് സ്റ്റാളില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന് ഉമ്മകൊടുത്തും കൈപിടിച്ച് നടന്നും കുരുന്നുകള്‍ മേളയില്‍ കൗതുകം തീര്‍ത്തു.
64626.52 ചതുരശ്ര അടിയില്‍ 170 സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ആലാമിപ്പള്ളിയില്‍ ഒരുക്കിയത്.ചെറുകിട വ്യവസായസംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശനവിപണന മേള, ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവയായിരുന്നു മേളയില്‍ സന്ദര്‍ശകരെ കാത്തിരുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയകേന്ദ്രത്തിന്റെ നിരവധി സേവനങ്ങള്‍, പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, ആധാറില്‍ മേല്‍വിലാസം തിരുത്തല്‍, ഇ-ആധാര്‍, ആധാറില്‍ ജനന തിയതി തിരുത്തല്‍, ആധാറില്‍ മൊബൈല്‍ നമ്പര്‍ മാറ്റുക, ആധാറില്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ ഫോട്ടോ മാറ്റി കൊടുക്കല്‍, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ അപേക്ഷ തുടങ്ങിയവ ഒരു കുടക്കീഴില്‍ ലഭ്യമാക്കിയത് പൊതുജനങ്ങള്‍ക്ക് സുവര്‍ണാവസരമായി.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സന്ധ്യകള്‍

മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ സന്ധ്യകള്‍ വൈവിധ്യമാര്‍ന്ന നിരവധി കലാ സാസംസ്‌കാരിക പരിപാടികള്‍ക്ക് വഴിമാറി ആയിരങ്ങള്‍ അണി നിരന്ന ചലന, നിശ്ചല പ്ലോട്ടുകളോട് കൂടിയ ഘോഷയാത്രയോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. തൃക്കരിപ്പൂര്‍ തങ്കയം ഷന്‍മുഖാ വനിതാ കോല്‍ക്കളി സംഘം അവതരിപ്പിച്ച ചടരടുകുത്തി കോല്‍ക്കളിയോടെ മേളയിലെ സാംസ്‌ക്കാരിക പരിപാടികള്‍ക്ക്. റംസാന്‍ രാവില്‍ കാഞ്ഞങ്ങാട് നഗരിയെ ഇശല്‍ മഴയില്‍ നനയിച്ച് പ്രശസ്ത പിന്നണി ഗായകന്‍ വിടി. മുരളി നയിച്ച ഗാനമേളയും കുടുംബശ്രീ കലാസന്ധ്യയും ജീവനക്കാരുടെ കലാപരിപാടികളും കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം ഗാനമേളയും ഓണക്കളിയുമെല്ലാം ആസ്വാദകര്‍ മതിമറന്ന് ആസ്വദിച്ചു. ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിച്ച മെഹ്ഫില്‍ ഇ സമാ സൂഫി ഖവാലി ഗസല്‍ സംഗീതസാഗരത്തില്‍ സംഗീതപ്രേമികള്‍ മതിമറന്നൊഴുകി.സുകന്യ സുനിലിന്റെ മോഹിനിയാട്ടംദ്രൗപതിയും പിലാത്തറ ലാസ്യ കോളേജ് അവതരിപ്പിച്ച സൂര്യപുത്രനും പുരാണങ്ങളുടെ പുനര്‍ചിന്തനത്തിലേക്കെടുത്തെറിഞ്ഞു. ഓട്ടിസത്തെ സംഗീതത്തിലൂടെ തോല്‍പ്പിച്ച മര്‍വാന്‍ മുനവ്വര്‍ സംഗീത നിശയൊരുക്കി. കലാകാരന്‍മാര്‍ നാടിന്റെ നാവാണെന്ന് ഓര്‍മ്മിപ്പിച്ച് അനീതിക്കെതിരെ പ്രതിഷേധ ശബ്ദവുമായി പുലികേശി രണ്ട് നാടകം ആസ്വാദകരെ ഇരുത്തി ചിന്തിപ്പിച്ചു. കാസര്‍കോടിന്റെ തനത് കലാരൂപങ്ങളായ മംഗലം കളി, എരുത് കളി, ആലാമിക്കളി എന്നിവയും നാടന്‍പാട്ടും ചേര്‍ന്ന് നടന്ന നാട്ടരങ്ങില്‍ തുടിയുടെ താളത്തിനും നാടന്‍ പാട്ടിന്റെ ശീലുകള്‍ക്കും ആസ്വാദകര്‍ ചുവടുവെച്ചു. പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും സമാപന ദിവസം സംഗീത വിസ്മയം തീര്‍ത്തു.
കാസര്‍കോടിന്റെ വൈവിധ്യങ്ങളായ ഭാഷകളെ അഭിസംബോധന ചെയ്ത് നടത്തിയ ബഹുഭാഷാ സാഹിത്യ സദസ്സ് വ്യത്യസ്തമാര്‍ന്ന അനുഭവമായി. വിവിധ ഭാഷകളിലെ കവികള്‍ അവരുടെ കവിതകള്‍ അവതരിപ്പിച്ചു. നിരൂപകരും എഴുത്തുകാരും സംസാരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനകീയമായി. നിരവധിയാളുകള്‍ സേവനം തേടി മേളയിലെത്തി. ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍, വ്യവസായ സെമിനാര്‍, പൊതുവിദ്യാഭ്യാസ സെമിനാര്‍, വനം പരിസ്ഥിതി സെമിനാര്‍, കാര്‍ഷിക സെമിനാര്‍, പൊലീസ് സൈബര്‍ സുരക്ഷ സെമിനാര്‍, സാമൂഹിക നീതി സെമിനാര്‍, വനിതാ ശിശു വികസനം സെമിനാര്‍ തുടങ്ങി വിവിധ സെമിനാറുകള്‍ മേളയുടെ ഭാഗമായി. പ്രവാസികളുടെ ആശങ്കകളും സംശയങ്ങളും അറിയാക്കാനുള്ള വേദിയായി പ്രവാസി സംഗമം മാറി. നിരവധി പ്രവാസികളാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടന്ന പ്രവാസി സംഗമത്തില്‍ പങ്കെടുത്തത്.

രുചിപ്പെരുമയോടെ കുടുംബശ്രീ ഭക്ഷ്യമേള

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സന്ദര്‍ശകരെ കാത്തിരുന്നത് രുചി വൈവിധ്യങ്ങളുടെ അതിരില്ലാ ലോകമായിരുന്നു. നാടന്‍ മറുനാടന്‍ ഉള്‍പ്പെടെ എല്ലാ രുചിക്കൂട്ടുകളും തീന്‍മേശയിലേക്കെത്തി ഏഴ് തരം നെല്ലിക്ക ജ്യൂസ്, പച്ചമാങ്ങാ ജ്യൂസ്, കുലുക്കി സര്‍ബത്ത്, ഫ്രഷ് ജ്യൂസ്, 3 തരം ചായ, പത്ത് തരം ദോശ, നോണ്‍ വെജ് ഫൈവ് സ്റ്റാര്‍ ദോശ, അഞ്ച് തരം മസാല ചേര്‍ത്ത ദോശ, തക്കാളി ദോശ, നെയ്‌റോസ്‌ററ് ഊത്തപ്പം, മസാല ദോശ, മലബാര്‍ വിഭവങ്ങളായ പത്തിരി, നെയ്പത്തിരി, ഒറോട്ടി, ഫിഷ് വിഭവങ്ങള്‍ ചിക്കന്‍ പത്ത് വിഭവങ്ങള്‍, ഫിഷ് പൊള്ളിച്ചത്,നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍, ബീഫ് വിഭവങ്ങള്‍ ബീഫ് കുമ്പന്‍കൂട്ട്, ബീഫ് വരട്ടിയത്, ചിക്കന്‍ ബിരിയാണി മലബാര്‍ ബിരിയാണി, കിഴി ബിരിയാണി, ഗോത്ര രുചികള്‍ കാച്ചില്‍, ചമ്മന്തി, ഉറുമ്പ് ചമ്മന്തി, നര (പ്രത്യേകതരം കിഴങ്ങ്) പായസം എട്ട് തരം പഞ്ചരത്‌ന പായസം. മുളയരി പായസം, കാരറ്റ് പായസം, ചക്ക പായസം തുടങ്ങിയവയ്ക്ക് പ്രിയമേറി. ഏഴുനാള്‍ കാഞ്ഞങ്ങാടിനെ ഉത്സവഭൂമിയാക്കിയ മേളയുടെ സമാപന സമ്മേളനത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തി. ആര്‍പ്പുവിളികളും സംഗീത നിശയും തീര്‍ത്ത സാംസ്‌ക്കാരിക സന്ധ്യയെ നെഞ്ചേറ്റി ആസ്വാദകരും പൊതുജനങ്ങളും മേള വിട്ടിറങ്ങി.

Leave a Reply

Your email address will not be published.