നാദാപുരം: ചീട്ടുകളി ചോദ്യംചെയ്തതിന്റെ പേരില്‍ കല്യാണവീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തിലെ മൂന്നുപേരില്‍ ഒരാള്‍ പൊലീസ് പിടിയില്‍. ചാലപ്പുറത്തെ ഒതിയോത്ത് പ്രദീപനാണ് (48) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചാലപ്പുറത്തെ പാറോളി ഭാസ്കരന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. ഭാസ്കരന്റെ ഭാര്യ റീന (54), മകന് റീബേഷ് (36) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന്, ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് സമീപത്തെ ഒരു കല്യാണവീട്ടില്‍ ചീട്ടുകളിക്കുന്നതിനിടെ വാക്കേറ്റമുണ്ടായത്. ചീട്ടുകളി സംഘത്തെ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനെ ചൊല്ലി അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് വീടുകയറി ആക്രമണം അരങ്ങേറിയത്. ചീട്ടുകളിയില്‍ ഏര്‍പ്പെട്ട പ്രദീപന്, പ്രദീഷ്, പ്രമീഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ ആളെ കോടതിയില്‍ ഹാജരാക്കി.