സംസാരിക്കാന്‍ കഴിവില്ലെങ്കിലും സ്വാതി കൈകള്‍ കൂപ്പി. സന്തോഷത്തിന്റെ ആനന്ദാശ്രുക്കള്‍ ഒരു മഴ പോലെ പെയ്ത് തോര്‍ന്നു. ചെറുവത്തൂരിലെ അനീശനും സ്വാതിക്കും സന്തോഷത്തിന്റെ വേളയായി ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പട്ടയ വിതരണം. വര്‍ഷങ്ങളായി തൃക്കരിപ്പൂര്‍ എടാട്ടുമ്മലില്‍ വാടക വീട്ടിലാണ് അനീശനും സ്വാതിയും മൂന്നര വയസുകാരന് അനുഗ്രഹുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. സ്വന്തമായി ഭൂമിയെന്ന സ്വപ്നത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത സ്വാതിക്കും ഭര്‍ത്താവ് അനീശനും മാസം തോറും 3000 രൂപ വാടകയും മറ്റു ചിലവുകളും വഹിക്കാന്‍ മാര്‍ഗമില്ലാതെ ജീവിതം പകച്ചു നില്‍ക്കുമ്പോഴാണ് സന്തോഷത്തിന്റെ ആ വാര്‍ത്ത എത്തുന്നത്. 5 സെന്റ് സ്ഥലത്തിന്റെ പട്ടയം ഇവര്‍ക്ക് ലഭിച്ചു.
ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടയ വിതരണം നടത്തിയപ്പോള്‍ ജീവിതം തിരിച്ച് കിട്ടിയത് 867 പേര്‍ക്കാണ്. ചെങ്ങറ പുനരധിവാസത്തിന്റെ ഭാഗമായുള്ള 76 പേരും ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം നേടിയ 636ഉം, ദേവസ്വം പട്ടയം നേടിയ 106ഉം മറ്റ് 49 പേരും ചേര്‍ന്ന കണക്കാണിത്. ചെങ്ങറ പുനരധിവാസക്കാര്‍ക്ക് നേരത്തെ 8 സെന്റ് മാത്രം നല്കിയ സ്ഥാനത്താണ് ഇപ്പോള്‍ 50 സെന്റ് വരെ ഭൂമി നല്‍കിയത്. എല്ലാവര്ക്കും ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 16 മുതല്‍ യുണീക് തണ്ടപ്പേര് വരുന്നതോടെ അധികഭൂമി കണ്ടെത്തി ആളുകള്‍ക്ക് നല്‍കാം. പട്ടയ വിതരണ മേളയും ഇ ഓഫീസ് പ്രഖ്യാപനവും മന്ത്രി കെ രാജന് ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്തത്. ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷനായി. ജനപ്രതിനിധികളായകെ വി സുജാത, കെ മണികണ്ഠന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിനോദ് കുമാര്‍ പള്ളയില്‍വീട്, സി മുഹമ്മദ് കുഞ്ഞി, ജോര്‍ജ്ജ് പൈനാപ്പള്ളി, ബങ്കള പി കുഞ്ഞികൃഷ്ണന്, ഖാലിദ് കൊളവയല്‍, പി കെ അബ്ദുള്‍ റഹ്മാന്, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, എ കുഞ്ഞമ്പാടി, സുരേഷ് പുതിയേടത്ത്, ബി കെ രമേശന്, പി പി അടിയോടി തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തു. സബ് കളക്ടര്‍ ഡി ആര് മേഘശ്രീ സ്വാഗതവും തഹസില്‍ദാര്‍ എന്‍ മണിരാജ് നന്ദിയും പറഞ്ഞു.