CLOSE

പടന്നക്കാട് കാര്‍ഷിക കോളേജ് മാംഗോ ഫെസ്റ്റിന് തുടക്കമായി

Share

പടന്നക്കാട് കാര്‍ഷിക കോളേജിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാംഗോ ഫെസ്റ്റ്-2022 ന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി കാര്‍ഷിക കോളേജ് ക്യാംപസില്‍ നടക്കുന്ന മാംഗോ ഫെസ്റ്റ് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക കോളേജ് പടന്നക്കാടും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് എന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. മാമ്പഴവും മാമ്പഴത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ മൂല്യ വര്‍ധക ഉല്‍പന്നങ്ങളും വിപണനം ചെയ്യുന്നതിന് നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണമെന്നും എം. എല്‍. എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അധ്യക്ഷ വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കാര്‍ഷിക വിജ്ഞാന സംബദ്ധമായ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, കമ്മ്യൂണിറ്റി ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങളുടെ വിതരണം, ന്യൂട്രികിറ്റ് വിതരണം, മൈക്രോസോള്‍ സുക്ഷ്മ മൂലകലായനി വിതരണോദ്ഘാടനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം തുടങ്ങിയവയും നടന്നു. നീലേശ്വരം നഗരസഭാധ്യക്ഷ ടി. വി. ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശോഭ, നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രീത, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി, നാളികേര മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആര്‍.സുജാത, ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. പി. ജയരാജ്, ഡോ. കെ. എം. ശ്രീകുമാര്‍, സി വി ഡെന്നി, പി.ടി.എ പ്രസിഡന്റ് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് ഡീന്‍ ഡോ. പി. കെ. മിനി സ്വാഗതവും മുഹമ്മദ് സുഹൈല്‍ നന്ദിയും പറഞ്ഞു.
പേരുകേട്ട മാമ്പഴ വൈവിധ്യങ്ങളെ മലബാറിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി 2005 മുതല്‍ നടത്തിവരുന്ന മാമ്പഴമേളയുടെ പതിനാറാമത് പതിപ്പാണിത്. പടന്നക്കാട് കാര്‍ഷിക കോളേജിന്റെ മാവിന്‍ത്തോട്ടത്തില്‍ നിന്നും വിളവെടുത്തതും കാര്‍ഷിക സര്‍വകലാശാലയുടെ തോട്ടങ്ങളില്‍ നിന്നും കൊണ്ടുവരുന്നതുമായ 22 ഇനം മാമ്പഴങ്ങള്‍ പ്രദര്‍ശന നഗരിയില്‍ വില്‍പ്പനയ്ക്ക് സജ്ജീകരിക്കുന്നതാണ്. കോളേജിന്റെ ആകര്‍ഷണമായ ഫിറാങ്കിലുടുവ മേളയില്‍ പ്രധാന സ്ഥാനത്തുണ്ട്. മാമ്പഴവിപണനത്തിന് പുറമെ തൈ വില്‍പ്പന, സെമിനാര്‍, കീട രോഗ നിര്‍ണ്ണയ ക്യാമ്പ്, പ്രദര്‍ശനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍, കലാസാംസ്‌കരിക പരിപാടികള്‍, ഭക്ഷ്യ വൈവിധ്യങ്ങളുമായി ആര്‍.ടി.എസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കര്‍ഷകരും, ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളും ഈ മേളയുടെ വിജയത്തിനായി രംഗത്തുണ്ട്.
മാങ്ങയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രചരണം, കലാവസ്ഥ വ്യതിയാനം മൂലം നഷ്ടമായി കൊണ്ടിരിക്കുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിനായി ജീന്‍ ബാങ്ക് എന്നിവയാണ് ഇത്തവണത്തെ മാംഗോ ഫെസ്റ്റിന്റെ പ്രമേയം.

Leave a Reply

Your email address will not be published.