എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനില്‍ 91 ശതമാനം മാര്‍ക്ക് നേടി എന്‍ ക്യു എ എസ് അംഗീകാരം കരസ്ഥമാക്കി. കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നല്‍കിയത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ, അണുബാധ നിയന്ത്രണം ഉറപ്പുവരുത്തല്‍, രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ശുചിത്വ പരിപാലനം, മികച്ച ചികിത്സ നല്‍കുന്നതിനുള്ള ഭൗതിക സാഹചര്യം, വിവിധ ആരോഗ്യ വിഷയങ്ങളെ കുറിച്ചുള്ള ജീവനക്കാരുടെ അറിവ് എന്നിവ പരിശോധിച്ചാണ് എന്‍ ക്യു എ എസ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്. ഇതിനായി 4 ചെക്കലിസ്റ്റുകളിലായി ആയിരത്തില്‍ പരം ചെക്ക് പോയിന്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ജില്ലയില്‍ ഇതുവരെ 11 സ്ഥാപനങ്ങളാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയത്. ആശുപത്രിയുടെ വികസനത്തിനായി ജനപ്രതിനിധികള്‍, പഞ്ചായത്ത് ഭരണ സമിതി, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി, ജീവനക്കാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ അംഗീകാരം നേടിയത്. അംഗീകാരത്തിന്റെ ഭാഗമായി സ്ഥാപനത്തിന് 2 ലക്ഷം രൂപ ലഭിക്കും.