പള്ളം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹകരണത്തോടെ പള്ളം വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള കബഡി സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് പള്ളത്തില്‍ തുടക്കമായി. മെയ് 21 വരെയാണ് കുട്ടികള്‍ക്ക് ക്യാമ്പ് നടക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 20 ഇനങ്ങളില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പള്ളം വിക്ടറി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ നിരവധി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് രാഹുല്‍ ആര്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍, ക്ലബ് മുന്‍ പ്രസിഡന്റ പ്രഭാകരന്‍ തെക്കേക്കര, ഗള്‍ഫ് പ്രതിനിധി വി വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഹരികൃഷ്ണന്‍ കെ ടി സ്വാഗതവും മുന്‍ പ്രസിഡന്റ് മുരളി പള്ളം നന്ദിയും പറഞ്ഞു.