CLOSE

പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും; മന്ത്രി ആര്‍ ബിന്ദു

Share

എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

അതിനൂതനമായ വൈജ്ഞാനിക ശാഖകളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ കൊണ്ടുപോകുന്നതോടൊപ്പം അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നൈപുണ്യ വികസനത്തിലൂടെയും വൈദഗ്ധ്യ പോഷണത്തിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കാര്‍ കഴിയുന്ന പരിശീലനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . വിദ്യാഭ്യാസ രംഗത്തെ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടക്കൂടുകളും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനായി നിയമപരിഷ്‌കരണ കമ്മീഷനെയും പരീക്ഷാ പരിഷ്‌കരണ കമ്മീഷനെയും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനെയും സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിട്ടുണ്ട്. മെയ് 31ന് കമ്മീഷനുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ വലിയൊരു പരിവര്‍ത്തനം അധ്യയനരീതികളിലും പരീക്ഷാ സമ്പ്രദായങ്ങളിലും കൊണ്ടുവരാനാവുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് അതിനനുസൃതമായി പഠന സംവിധാനങ്ങളെ പുതിയ കോഴ്‌സുകളെ വിഭാവനം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനും വലിയ ജാഗ്രത എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി, കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം പി ബി ഷെഫീഖ് , കാറഡുക്ക് ബ്ലോക്ക് പഞ്ചായത്തംഗം എം കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തംഗം നബീസ സത്താര്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി പി അമൃത, പിടിഎ സെക്രട്ടറി കെ പ്രഭാകരന്‍, എല്‍ബിഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി സ്വരാജ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ജയചന്ദ്രന്‍, അക്കാദമിക് ഡീന്‍ കെ പ്രവീണ്‍ കുമാര്‍, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ വിനോദ് ജോര്‍ജ്, എല്‍.ഇ.എ സെക്രട്ടറില ടി ബാലകൃഷ്ണന്‍, എല്‍ബിഎസ് എസ്.യു സംസ്ഥാന ട്രഷറര്‍ പി വൈ ജോഷ്വ തുടങ്ങിയവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഷുക്കൂര്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് ബി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

രണ്ടായിരം പേരെ ഉള്‍ക്കൊള്ളിക്കാനാവുന്ന സെന്‍ട്രല്‍ ഓഡിറ്റോറിയം , മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പുകളുടെ നവീകരണ പ്രവര്‍ത്തികള്‍ , സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അനുവദിച്ച കംപ്രഷന്‍ ടെസ്റ്റിംഗ് മെഷീന്‍, ഫ്രാന്‍സിസ് ടര്‍ബൈന്‍ ടെസ്റ്റ് റിഗ്, കപ്ലാന്‍ ടര്‍ബൈന്‍ ടെസ്റ്റ് റിഗ്, ഹൈ എന്‍ഡ് കംപ്യൂട്ടര്‍ സിസ്റ്റം , അഡ്വാന്‍സ്ഡ് ഡെല്‍ സെര്‍വര്‍, കോര്‍ സ്വിച്ച് , ഇലക്ട്രിക്കല്‍ വയറിംഗ് പ്രാക്ടീസ് ബോര്‍ഡ് തുടങ്ങി 2021 -22 സാമ്പത്തിക വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടപ്പിലാക്കിയത്.

Leave a Reply

Your email address will not be published.