മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്ന വിപ്ലവകരമായ ചുവടുവയ്പ്പായ 400 കെവി കാസര്‍കോട്- വയനാട് ഹരിത പവര്‍ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മെയ് 23ന് രാവിലെ 10.30ന് കരിന്തളം തോളേനി അമ്മാറമ്മ ഹാളില്‍ നിര്‍വ്വഹിക്കും. കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും, മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് അന്തര്‍സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി. ഒപ്പം കാസര്‍കോട് ജില്ലയിലെ പുനുരുത്പാദന ഊര്‍ജ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
കരിന്തളം 400 കെവി സബ്സ്റ്റേഷനില്‍ നിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്നത്. 125 കിലോമീറ്റര്‍ വൈദ്യുതി ലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. 400 കെവി പ്രസരണ ശേഷിയുള്ള 380 ടവറുകളാണ് പദ്ധതിക്ക് ആവശ്യമായി വരിക. വയനാട്ടില്‍ 200 എം വി എ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാന്‍ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠാപുരം-ഇരിട്ടി- നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈന്‍ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. കെഎസ്ഇബിയുടെ തനതു ഫണ്ടില്‍ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.
ഇതോടൊപ്പം ഉഡുപ്പി – കരിന്തളം 400 കെവി വൈദ്യുതി ലൈന്‍ നിര്‍മാണം നടക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. ഉഡുപ്പിയില്‍ നിന്ന് കരിന്തളത്തേക്ക് 115 കിലോമീറ്റര്‍ നീളമുള്ള 400 കെ.വി.ലൈന്‍, കരിന്തളത്ത് 400 കെവി സബ്സ്റ്റേഷന് എന്നിവയുടെ നിര്‍മാണവും നടന്നുവരുന്നു. സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്സ്മിഷന് ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നത്. കരിന്തളം കയനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ 12 ഏക്കര്‍ ഭൂമിയിലാണ് സബ്സ്റ്റേഷന് നിര്‍മ്മാണം പുരോഗമിക്കുന്നത്.
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ട്രാന്‍സ് ഗ്രിഡ് 2.0. 400 കെവി, 220 കെവി നിലവാരത്തിലുള്ള പ്രസരണ ശൃംഖല കേരളത്തിലുടനീളം സ്ഥാപിച്ച് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും പുഗളൂര്‍- മാടക്കത്തറ 2000 എച്ച് വി ഡി സി ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ ലഭ്യമായ വൈദ്യുതിയുടെ പ്രസരണം സുഗമമായി നടത്തുന്നതിനും സംസ്ഥാനത്തെ പ്രസരണ ശൃംഖലയെ അന്തര്‍സംസ്ഥാന ലൈനുകളുമായി കൂടുതല്‍ ബന്ധിപ്പിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ആസൂത്രണ നിലവാരമനുസരിച്ച് അടുത്ത 25 വര്‍ഷത്തേക്കാവശ്യമായ പ്രസരണ ശൃംഖല സംസ്ഥാനത്ത് നിര്‍മിക്കുന്നതിനുമാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാന്‍സ്ഗിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നത്. ഇതുവരെ 400 കെവിയുടെ 178 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും, 220 കെ.വി യുടെ 566 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും, 110 കെവി 653 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും പൂര്‍ത്തീകരിച്ചു. ഈ ലൈനുകളുമായി ബന്ധപ്പെട്ട് എട്ട് പുതിയ 220 കെവി സബ്സ്റ്റേഷനുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
ചടങ്ങില്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കെഎസ്ഇബി ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, കെഎസ്ഇബി ട്രാന്സ്മിഷന് ആന്‍ഡ് സിസ്റ്റം ഓപ്പറേഷന് ഡയറക്ടര്‍ രാജന് ജോസഫ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെഎസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ചെയര്മാന് അഡ്വ.വി.മുരുകദാസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി തുടങ്ങിയവര്‍ പങ്കെടുക്കും.