CLOSE

ചരക്കു കയറ്റിയ അറയില്‍ പരിശോധനയ്ക്ക് ഇറങ്ങിയ കപ്പല്‍ ജീവനക്കാരന് ദാരുണാന്ത്യം; കോട്ടിക്കുളത്തുകാരന്‍ രക്ഷപ്പെട്ടു

Share

പാലക്കുന്ന് : ചരക്കിറക്കാന്‍ തുറമുഖത്തെത്താനിരിക്കെ ഗോതമ്പ് കയറ്റിയ അറയില്‍ (കാര്‍ഗോ ഹോള്‍ഡ്) പരിശോധനയ്ക്കായി ഇറങ്ങിയ വാണിജ്യ കപ്പലിലെ ചീഫ് ഓഫീസര്‍ അടക്കം മൂന്ന് പേര്‍ ബോധം നഷ്ടപ്പെട്ട് അറയില്‍ വീണതായി വിവരം . അബോധാവസ്ഥയിലായ രണ്ടു പേരെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആന്ഡ്ര സ്വദേശിയായ ഓര്‍ഡിനറി സീമാന്‍ (ഒ എസ്) പെര്‍ള വേണുഗോപാല്‍
മരണപ്പെട്ടുവെന്നാണ് കപ്പലില്‍ നിന്ന് അറിയിച്ചിട്ടുള്ളത്. വേണുഗോപാലിനോടൊപ്പം അബോധാവസ്ഥയിലായ മലയാളിയായ ചീഫ് ഓഫീസര്‍ ജോണി ആശുപത്രിയില്‍ ചികിത്സയിലാണ്. അവരോടൊപ്പം ഉണ്ടായിരുന്ന ഓര്‍ഡിനറി സീമാന്‍ കാസര്‍കോട് കോട്ടിക്കുളത്തെ ശ്രീജേഷ്‌ലാല്‍ തലചുറ്റല്‍ അനുഭവപ്പെട്ട ഉടന്‍ അറയില്‍ നിന്ന് പുറത്ത് കടന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ബ്രസിലില്‍ നിന്ന് ഗോതമ്പ് കയറ്റി ചൈനയിലെ ഖിന്‍ഷൗ തുറമുഖത്ത് ചരക്കിറക്കാനുള്ള ഊഴവും കാത്ത് നങ്കൂരമിട്ടിരിക്കെ എം.വി. ജൂപിറ്റര്‍ എന്ന ബള്‍ക് കരിയര്‍ കപ്പലില്‍ മെയ് 17 നാണ് സംഭവം. ക്രൊയേഷ്യയിലെ ടെനിക കമ്പനി വക കപ്പലാണിത്. മുംബൈയിലെ റയാന്‍ ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയാണ് ആ കപ്പലിലേക്ക് ജീവനക്കാരെ നിയോഗിക്കുന്നത്. വേണുഗോപാലിന്റെ മൃതശരീരം കപ്പലില്‍ തന്നെയാണിപ്പോഴും സൂക്ഷിച്ചിട്ടുള്ളതെന്നാണ് വിവരം .
അടച്ചിട്ടിരിക്കുന്ന അറകളില്‍ പ്രവേശിക്കും മുന്‍പ് പാലിക്കേണ്ട മുന്‍ കരുതലുകളിലെ പാളിച്ചകളാണ് ഇത്തരം അപകടങ്ങള്‍ക്ക് പൊതുവെ കാരണമാകാറുള്ളതെന്ന് യു. കെ. ആസ്ഥാനമായ സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യന്‍ പ്രതിനിധി ക്യാപ്റ്റന്‍ വി. മനോജ് ജോയ് പറഞ്ഞു. ഒരാള്‍ മരിക്കാനിടയായ
ജൂപിറ്റര്‍ സംഭവത്തിലെ കാരണങ്ങള്‍ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.