നീലേശ്വരം: സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലോറി ക്ലീനര്‍ പാലക്കാട് മണ്ണാര്‍ക്കാട് ചെങ്ങാലോരി സ്വദേശി ഹബീബ് (42)ആണ് മരിച്ചത്. ഇയാളുടെ മരുമകനും ഡ്രൈവറുമായ മണ്ണാര്‍ക്കാട് കുറ്റിയോടി അങ്ങാടിക്കാട്ടില്‍ ഹൗസില്‍ റഹീം (28) പരിക്കുകളോടെ രക്ഷപ്പെട്ടു.
പാലക്കാട് നിന്ന് എ.സി.സി സിമന്റ് കയറ്റി നീലേശ്വരം വഴി വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്ന ലോറി ഇന്ന് രാവിലെ 7.50 മണിയോടെയാണ് കാലിച്ചാമരം മുക്കട പരപ്പച്ചാലിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്, പെരിങ്ങോം നിലയങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് രണ്ടാമത്തയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
മരണപ്പെട്ട ഹബീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ റഹീം ജില്ലാ ആശുപത്രി ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും ചിറ്റാരിക്കാല്‍ പോലീസും നേതൃത്വം നല്‍കി.