CLOSE

ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ ശക്തിപ്പെടുത്തും; ജില്ലാ വികസന സമിതി യോഗം

Share

ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ബഡ്‌സ് സ്‌കൂളുകളിലെ പി.ടി.എ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ബഡ്സ് സ്‌ക്കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ സമിതികളെ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ബഡ്സ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതിനായി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹിക നീതി ഓഫീസറോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍ദ്ദേശിച്ചു.
മംഗല്‍പാടി പഞ്ചായത്തിലെ പച്ചമ്പള-ഹേരൂര്‍ കളഞ്ചായടിയില്‍ ഹെക്ടര്‍ കണക്കിന് നെല്‍വയലിലേക്ക് കാര്‍ഷിക സാമഗ്രികളും മറ്റും എത്തിക്കാന്‍ ആവശ്യമായ വഴിയില്ലാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നി്ന്നും പിന്‍തിരിയുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ട്രാക്ടര്‍ വേ നിര്‍മ്മിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്ന് എ.കെ.എം അഷറഫ് എം.എല്‍.എയുടെ നിര്‍ദ്ദേശത്തില്‍ കേന്ദ്ര പദ്ധതിയായ ആര്‍.കെ.വൈയിലൂടെ ട്രാക്ടര്‍വേ നിര്‍മ്മിക്കാമെന്ന് പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നിഷേധിക്കുന്നതായി എകെ എം അഷറഫ് എം എല്‍ എ പറഞ്ഞു. ഈട നല്‍കാതെ വായ്പ നല്‍കില്ലെന്ന് പറയുന്ന സാഹചര്യം വിവിധ ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും വിഷയത്തില്‍ ലീഡ് ബാങ്ക് കാര്യക്ഷമമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. നാല് ലക്ഷം വരെ വിദ്യാഭ്യാസ വായ്പയ്ക്ക് സെക്യുരിറ്റി ആവശ്യമില്ലെന്നും വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴി അടുത്തുള്ള ബാങ്ക് ശാഖകളിലൂടെ അപേക്ഷിക്കാന്‍ സാധിക്കുമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
കുമ്പള പഞ്ചായത്തിലെ കോയിപ്പാടി കടപ്പുറത്ത് കടല്‍ ക്ഷോഭം രൂക്ഷമാകുന്നതിനാല്‍ കോയിപ്പാടി കടപ്പുറം മുല്‍ പെര്‍വാഡ് ഫിഷറീസ് കോളനിവരെ കടല്‍ ഭിത്തിയെ ജിയോബാഗ് സംവിധാനമോ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ ന്യൂനപക്ഷ പ്രദേശമായ മഞ്ചേശ്വരത്ത് മലയാളിയായ വ്യക്തിയെ ഡി.ഇ.ഒ ആയി നിയമിച്ച വിഷയം പുന:പരിശോധിക്കണമെന്നും വിഷയത്തില്‍ ഇടപെടണണെന്നും ഡി.ഡി.ഇയോട് എം.എല്‍.എ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ട നടപടിയില്‍ വിഷയം സംബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു.
നേരത്തെ സര്‍വ്വീസ് നടത്തി നിലവില്‍ നിര്‍ത്തിയ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍-സിവില്‍ സ്റ്റേഷന്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കറന്തക്കാട് മുതല്‍ റെയില്‍വേസ്റ്റേഷന്‍ വരെയുള്ള പ്രദേശത്തെ വികസന പ്രവൃത്തിക്കായി റെയില്‍വേയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ ചെറുതും വലുതുമായ അണ്ടര്‍ പാസുകളും ഫ്‌ലൈ ഓവറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച് എന്‍.എച്ച്.എ.ഐ വിവരങ്ങള്‍ എം.എല്‍.എമാര്‍ക്കും ജനപ്രതിനിധികള്‍ക്കും കൈമാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഉദുമ, ചട്ടംചാല്‍, പള്ളിക്കര, ബന്തടുക്ക എഫ്.എച്ച്.സികളില്‍ വൈകുന്നേരം ആറ് വരെ ഒ.പി പ്രവര്‍ത്തിപ്പിക്കുന്നതിന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍ദ്ദേശിച്ചു.
ചട്ടംചാല്‍, ഉദുമ എഫ്.എച്ച്.സികള്‍ നിലവില്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മൂന്നാം ഘട്ടത്തില്‍ എഫ്.എച്ച്.സിയായി ഉയര്‍ത്തിയ ബന്തടുക്കയില്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടില്ലെന്നും പള്ളിക്കരയില്‍ ഗ്രാമ പഞ്ചായത്ത്
ഡോക്ടറെ നിയമിച്ചാല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കാമെന്നും ഡി.എം.ഒ ഡോ.എ.ടി മനോജ് അറിയിച്ചു.
ദേശീയപാത നിര്‍മ്മാണത്തിന്റെ ഉഭാഗമായി നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും പ്രതിവിധിയായി താല്‍ക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മഴ വര്‍ധിച്ചതോടെ ഉപേക്ഷിക്കപ്പെട്ട ചെങ്കല്‍ പണകളില്‍ വെള്ളം കയറി അപകട ഭീഷണി ഉയര്‍ത്തുന്നത് തടയാന്‍ പണകള്‍ക്ക് സുക്ഷിത വേലികെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിവിധ താഹസില്‍ദാര്‍മാര്‍ അറിയിച്ചു.
മൃഗ സംരക്ഷണ വകുപ്പില്‍ സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് നടത്തിയ ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് പൈവളിഗെ, മീഞ്ച, കാലിച്ചാനടുക്കം, ദേലമ്പാടി എന്നിവിടങ്ങളിലേക്ക് സര്‍ജന്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ അടുത്തകാലത്ത് വര്‍ധിച്ചു വരുന്ന ക്വട്ടേഷന്‍, കള്ളക്കടത്ത് വിഷയങ്ങള്‍ നിയന്ത്രിക്കാനും ഇതിനെതിരെ ജാഗ്രത പുലര്‍ത്താനും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഴക്കെടുതിയിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് അടിയന്തിര പ്രാധാന്യം നല്‍കി പരിഗണിക്കണമെന്നും വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും എം എല്‍ എ പറഞ്ഞു.
സ്‌കൂള്‍, കോളേജ് പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ നിന്നും അനുവദിച്ചു നല്‍കേണ്ട വിവിധ സര്‍ട്ടിഫിക്കേറ്റുകള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പനത്തടി പഞ്ചായത്തില്‍ കല്ലപ്പള്ളി കമ്മാടി മേഖലയില്‍ ഭൂകമ്പം അനുഭവപ്പെട്ട പ്രദേശത്ത് വിദഗ്ദ പഠനം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ കോവിഡ് വ്യാപനത്തിനെതിരെ കര്‍ശനമായ നിയന്ത്രണം ആവശ്യമാണെന്നും ആരോഗ്യ വകുപ്പ് ഇതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചതിന്റെ പ്രതിമാസ കണക്കുകള്‍ വികസന സമിതിയില്‍ ഹാജരാക്കണമെന്നും എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം ആകെ നടത്തിയ പരിശോധനകള്‍ 382 എണ്ണമാണെന്നും പരിശോധിച്ച മത്സ്യ സാമ്പിളുകളുടെ എണ്ണം 144ലാണെന്നും മത്സ്യ സാമ്പിളുകള്‍ മായം കണ്ടെത്തിയിട്ടില്ലെന്നും ഫുഡ്‌സേഫ്റ്റി അസി.കമ്മീഷണര്‍ അറിയിച്ചു.
മുക്കട പരപ്പച്ചാലില്‍ പുതിയ പാലം നിര്‍മിക്കണമെന്ന് എം.രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു. അപകടം നടന്ന് മരണം സംഭവിച്ച പ്രദേശമാണ്. പാലത്തിന്റെ കൈവരി ഉള്‍പ്പെടെ തകര്‍ന്ന നിലയിലായതിനാല്‍ അടിയന്തിരമായി ഒരു പുതിയ പാലം ആവശ്യമാണെന്നും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ പാലം നിര്‍മ്മിക്കുക എന്നതാണെന്നും വിഷയത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
പള്ളിക്കര വില്ലേജിലെ ബേക്കലില്‍ മുഹമ്മദിന്റെ കൈവശമുള്ള സ്ഥലത്തിന് പട്ടയത്തിന് അപേക്ഷിച്ചുവെങ്കിലും പള്ളിക്കര വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചില്ലെന്ന എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ട നടപടിക്ക് വിഷയത്തില്‍ ഭൂമി പതിവ് ശുപാര്‍ശ പെട്ടെന്ന് തയ്യാറാക്കി നല്‍കാന്‍ പള്ളിക്കര വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഹോസ്ദുര്‍ഗ് തഹ്‌സില്‍ദാര്‍ അറിയിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കാനായി ഇന്‍സ്‌പെക്ഷന്‍ നടത്തി വൈദ്യുതി കണക്ഷന്‍ നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പി.ഡബ്ല്യുഡി ഇലക്ട്രിക്കല്‍സ് കെ.എസ്.ഇ.ബി, ഡി.എം.ഒ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടുത്തമാസം മൂന്നിനകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത, എം.പി യുടെ പ്രതിനിധി സാജിദ് മൗവ്വല്‍ എ ഡി എം എ കെ രമേന്ദ്രന്‍, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ,് ജില്ലാപ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.