കോവിഡ് കാല നിയന്ത്രണങ്ങള്‍ മൂലം സര്‍ക്കാര്‍ ഓഫീസുകളില്‍ കുടിശ്ശികയായ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി 2022 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയപ്പിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭയിലും ജീവനക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്തിന് പുറമേയും അവധി ദിനങ്ങളിലും അധിക ജോലി ചെയ്ത് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയിപ്പിക്കാന്‍ ജീവനക്കാര്‍ സ്വയം സന്നദ്ധമായി.
സമൂഹത്തിന് ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കുലറുകളുടെയോ ഉത്തരവുകളുടെയോ പിന്‍ബലമില്ലാതെ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് സിവില്‍ സര്‍വ്വീസിനുള്ളത്. ജൂലൈ മൂന്നിനും അപ്രകാരം സ്വമേധയാ ഓഫീസില്‍ ഹാജരായി കുടിശിക ജോലികള്‍ നിര്‍വഹിക്കാന്‍ ജീവനക്കാര്‍ മുന്നോട്ട് വന്നത്.
മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഫയല്‍ തീര്‍പ്പാക്കലിനായി ജോലിക്ക് ഹാജരായി. 42 ജീവനക്കാരില്‍ മുപ്പതിലധികം ജീവനക്കാരാണ് ഞായറാഴ്ചയിലും ജോലിക്കെത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, സ്ഥിരം സമിതി ചെയര്മാന് കെ അനിശന്‍ എന്നിവരും ജീവനക്കാരോടൊപ്പം ഓഫീസില്‍ ഹാജരായി ജീവനക്കാര്‍ക്ക് വേണ്ടുന്ന സഹായങ്ങയും നിര്‍ദ്ദേശങ്ങളും നല്കുകയുണ്ടായി.