CLOSE

അടുത്തലക്ഷ്യം ജലസംരക്ഷണം – ജില്ലാ കളക്ടര്‍

Share

കോവിഡ് നിയന്ത്രണം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാര വിതരണം ഉള്‍പ്പെടെ സംഭവബഹുലമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സംതൃപ്തിയിലാണ് കാസര്‍കോട് ജില്ലയിലെ ആദ്യ വനിതാ കളക്ടറായി ചുമതലയേറ്റ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ജില്ലാ കളക്ടറായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ്. ഇതിനായി ജില്ലാതല ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അഭിപ്രായമറിയിക്കാന്‍ ചേമ്പറിന് സമീപം പ്രത്യേകം ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളൊന്നും രേഖപ്പെടുത്താതെ തന്നെ ആര്‍ക്കും അഭിപ്രായം അറിയിക്കാം.
പുതിയ പദ്ധതികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയല്ല. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഗുണമേന്മയോടെ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
അടുത്ത ലക്ഷ്യം ജല സംരക്ഷണം
വേനല്‍ക്കാലത്ത് കൂടിവെള്ളക്ഷാമം പരിഹരിക്കാന്‍ കിണര്‍ റീചാര്‍ജ്, മഴ കൊയ്ത്ത് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ മഴവെള്ളം സംഭരിക്കണമെന്നും ജനങ്ങള്‍ ജല്‍ ശക്തി അഭ്യാന്‍: ക്യാച്ച് ദ റെയ്ന്‍’ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും കളക്ടര്‍ പറഞ്ഞു. നമ്മുടെ പക്കല്‍ ലഭ്യമായിട്ടുള്ള പ്രകൃതിവിഭവങ്ങളെ നമ്മള്‍ തന്നെയാണ് സംരക്ഷിക്കേണ്ടത് എന്നും ഓര്‍മ്മപ്പെടുത്തി.
അപകടമരണങ്ങള്‍ മുന്‍കരുതല്‍ വേണം
ജില്ലയില്‍ ദിനംപ്രതി അപകടമരണങ്ങള്‍ ഏറിവരികയാണ് അപകടങ്ങള്‍ വരാതിരിക്കാന്‍ കുട്ടികളെ കുളങ്ങളിലേക്കും പുഴകളിലേക്കും വിനോദത്തിനായി വിടരുതെന്നും കളക്ടര്‍ പറഞ്ഞു.
ഉറവിട മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കണം
വീടുകളുടെ അകത്തളത്തില്‍ നിന്ന് തന്നെ വേസ്റ്റ് മാനേജ്മെന്റ് തുടങ്ങണം. ജില്ലയിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി ശേഖരണത്തിന് നല്‍കേണ്ട യൂസര്‍ ഫീ ഇതുവരെയും 1144 സ്ഥാപനങ്ങളില്‍ നിന്നും 300 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള നിരവധി വീടുകളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ഇത് വേസ്റ്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
11 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രമാണ് തനിക്കുള്ളത്. അതില്‍ കൂടുതല്‍ അനുഭവസ്ഥരായ ജില്ലാതല ഉദ്യോഗസ്ഥര്‍ സിവില്‍ സ്റ്റേഷനില്‍ ഉണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ അഭിപ്രായം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നു.
കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും ഇനിയുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ ആ നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്ത് നിര്‍ത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയുടെ ഇരുപത്തിനാലാമത്തെ കളക്ടരും ആദ്യത്തെ വനിതാ കളക്ടറുമാണ് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്.
സ്ഥാനമൊഴിഞ്ഞ കളക്ടര്‍ ഡി. സജിത് ബാബുവിന് പകരമായാണ് 2021 ജൂലൈ 13ന് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്ഥാനമേല്‍ക്കുന്നത്. മുബൈ സര്‍ദാര്‍പട്ടേല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദവും, 2010ല്‍ മികച്ച റാങ്കോടു കൂടി സിവില്‍ സര്‍വീസ് നേടിയ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മഹാരാഷ്ട്ര താനെ സ്വദേശിനിയാണ്. മില്‍മ മാനേജിംഗ് ഡയറക്ടറായിരുന്നു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍, കോട്ടയം ജില്ലാ കളക്ടര്‍ (മൂന്ന് മാസം) പട്ടികജാതിപട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടര്‍, പ്ലാനിംഗ് ഡപ്യൂട്ടി സെക്രട്ടറി, ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല എന്നിവയും വഹിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായിരിക്കുമ്പോഴാണ് കാസര്‍കോട് ജില്ലാ കളക്ടറായി സ്ഥലംമാറ്റം ലഭിച്ചത്.
ജില്ലയില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്ന സമയത്താണ് സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് ജില്ലാ കളക്ടറായി സ്ഥാനമേല്‍ക്കുന്നത്. കോവിഡ് പരിശോധന, ഐസോലേഷന്‍ പ്രവര്‍ത്തനങ്ങള്‍, സമ്പര്‍ക്ക ഉറവിടം കണ്ടെത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചികിത്സാ സംവിധാനം, കോവിഡ് വാക്സിനേഷന്‍ എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. തുടര്‍ന്ന് ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിച്ചു. അതില്‍ സര്‍ക്കാരില്‍ നിന്നും അഭിനന്ദനം ലഭിച്ചവയാണ് പ്ലാനിങ് ഫണ്ടും, എന്‍ഡോസള്‍ഫാന്‍ ധനസഹായവും.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കള്ള അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിപ്രകാരം കളക്ടറുടെ നേതൃത്വത്തില്‍ ജില്ല ആസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെ മാത്രമല്ല മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും അഭിനന്ദനം പിടിച്ചുപറ്റി. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ മാത്രമല്ല ലാന്‍ഡ്റവന്യു കമ്മീഷണറേറ്റ് മുതല്‍ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി നിന്നു. നഷ്ടപരിഹാര വിതരണം നിശ്ചയിച്ചതിലും മൂന്നു മാസം മുന്‍പ് പൂര്‍ത്തികരിച്ചു.
മെയ് മുതല്‍ ജൂലൈ 20 വരെ 5156 പേര്‍ക്കായി 203.233 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. 6,30,50,000 രൂപ കൂടുതലായി അനുവദിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ദുരിത ബാധിതപട്ടികയിലുള്‍പ്പെട്ട അവശേഷിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വേഗത്തില്‍ തുക കൈമാറുമെന്നും കളക്ടര്‍ പറഞ്ഞു.
വില്ലേജുകള്‍ സ്മാര്‍ട്ട് ആയി പ്ലാന്‍ സ്‌കീം പ്രകാരം പരപ്പ, വെസ്റ്റ് എളേരി, പുല്ലൂര്‍, കുമ്പഡാജെ ,മാലോത്ത് എന്നീ അഞ്ചു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്തു. കടമ്പാര്‍, കാഞ്ഞങ്ങാട്, തെക്കില്‍, കുഡ്ലു, തുരുത്തി, പാടി, കയ്യൂര്‍ എന്നീ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗതിയിലും മിക്കതും അന്തിമഘട്ടത്തിലുമാണ്. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബന്തടുക്ക, പിലിക്കോട്, പാലാവയല്‍, മീഞ്ച, മധൂര്‍, എടനാട്, കുറ്റിക്കോല്‍, പടന്ന, ഉദുമ എന്നീ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗതിയിലും അന്തിമഘട്ടത്തിലുമാണ്. ബേഡഡുക്ക കായിക്കോട് വില്ലേജുകള്‍ക്ക് അഡീഷണല്‍ മുറി നിര്‍മ്മിച്ച് സ്മാര്‍ട്ട് വില്ലേജ് നിലവാരത്തിലേക്ക് ഉയര്‍ത്തി. മൂന്നു വില്ലേജിന്റെ ചിറ്റാരിക്കാല്‍,കൊടക്കാട് പള്ളിക്കര -2 നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിച്ചു വരികയാണ്. നാലു വില്ലേജുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി, അഞ്ചെണ്ണം അന്തിമഘട്ടത്തിലും ആണ്. കാസര്‍കോട് ആര്‍ടിഒ കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *