പാലക്കുന്ന് : സതാംപ്ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈലേര്‍ഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ ഘടകം
കേരളത്തിലെ മുതിര്‍ന്ന കപ്പലോട്ടക്കാര്‍ക്ക് പ്രാഥമിക ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. മര്‍ച്ചന്റ് നേവി ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണിത്. അതിന്റെ ഇന്ത്യന്‍ പ്രതിനിധി ക്യാപ്റ്റന്‍ വി.മനോജ് ജോയ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ എത്തി. വിരമിച്ച കപ്പല്‍ ജീവനക്കാരില്‍ പ്രയാധിക്യവും അനാരോഗ്യവുമായി അവശതയുമനുഭവിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരായിരിക്കും പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. അവരുടെ ഭാര്യമാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതിനായുള്ള പട്ടിക, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി, കണ്ണൂര്‍,പയ്യന്നൂര്‍, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തയ്യാറാക്കി വരുന്നു. സിഡിസി, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷകള്‍ കിട്ടുന്ന മുറയ്ക്ക് ഐഡി കര്‍ഡുകള്‍ തയ്യാറാക്കും. മംഗളൂര്‍ എനോപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് സൈലേഴ്സ് സൊസൈറ്റിയുടെ ചെന്നൈ ഘടകമാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. കേരളത്തിലെ ഗുണഭോക്താക്കളുടെ ഏകോപന ചുമലത കോട്ടിക്കുളം (കാസര്‍കോട്) മര്‍ച്ചന്റ്‌നേവി ക്ലബ്ബിനായിരിക്കും. നേവി ക്ലബ്ബില്‍ ചേര്‍ന്ന യോഗം ക്യാപ്റ്റന്‍ വി. മനോജ് ജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി, ജനറല്‍ സെക്രട്ടറി യു.കെ. ജയപ്രകാശ്, ട്രഷറര്‍ കൃഷ്ണന്‍ മുദിയക്കാല്‍, കണ്ണൂര്‍ ജില്ല പ്രതിനിധികളായ പ്രേമാനന്ദന്‍ (തലശ്ശേരി),
എം.ബാലകൃഷ്ണന്‍ (കരിവെള്ളൂര്‍),
കെ. പി. മോഹനന്‍, അരുണന്‍ (പയ്യന്നൂര്‍ ) എന്നിവര്‍ പ്രസംഗിച്ചു. ഉപ്പളയില്‍ ചേര്‍ന്ന യോഗത്തില്‍ മൊയ്തീന്‍ ഷെയ്ക്ക് അധ്യക്ഷനായി.
ആംബുലന്‍സ് ഒരുങ്ങി
പദ്ധതിയുടെ ഭാഗമായി രോഗികളെ എത്തിക്കുന്നതിനും അവരുടെ മടക്കയാത്രയ്ക്കുമായി മംഗളൂര്‍ എനോപ്പോയ ആശുപത്രിയുമായി സഹകരിച്ച് സൈലേര്‍ഴ്‌സ് സൊസൈറ്റി ആംബുലന്‍സ് ഒരുക്കിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ വി. മനോജ് ജോയ് അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി ആശുപത്രിയില്‍ 24 മണിക്കൂറും ഈ ആംബുലന്‍സ് സേവനം ലഭ്യമായിരിക്കും.