CLOSE

ലോക മുങ്ങിമരണ നിവാരണ ദിനാചരണം; ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍

Share

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും അഗ്‌നിരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികളോടെ നടന്നു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബദിയഡുക്ക നീര്‍ച്ചാലില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിച്ചു. ജില്ലയില്‍ മാത്രം 2020, 2021 വര്‍ഷങ്ങളില്‍ യഥാക്രമം 78 ഉം 70 ഉം ആളുകളാണ് ജലാശയ അപകടങ്ങളില്‍ മരണമടഞ്ഞതെന്ന് കളക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 30 വരെ മാത്രം 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജലാശയങ്ങള്‍ സമൃദ്ധമായ നമ്മുടെ ജില്ലയില്‍ മുങ്ങി മരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് ്പ്രസിഡന്റ് എം. അബ്ബാസ്, പഞ്ചായത്ത് അംഗങ്ങള്‍ ആയ കെ പി സ്വപ്ന, ഹമീദ് പള്ളത്തടുക്ക, ഡി ശങ്കര, കാസര്‍കോട് അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശ്കുമാര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേംജിപ്രകാശ്, എം.എച്ച് ജനാര്‍ദ്ദന, ജയദേവകണ്ടികെ, സിവില്‍ ഡിഫെന്‍സ് സേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് സീതാംഗോളി മാലിക്ദിനാര്‍ കോളേജ് ഓഫ് ഗ്രാഡ്വേറ്റ് സ്റ്റഡീസിലെ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍, പെര്‍ഡാല എം.എസ്.സി.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ജലാശയ അപകട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനവും നടത്തി. 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരം 2021 മുതലാണ് ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനമായി ആചരിച്ചു വരുന്നത്. ലോകത്താകെ ഒരു വര്‍ഷം ശരാശരി രണ്ടു ലക്ഷത്തി മുപ്പത്തിയാറായിരം പേര്‍ മുങ്ങി മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഈ സാഹചര്യത്തിലാണ് ഈ ദുരന്തത്തെകുറിച്ച് ബഹുജന ബോധവത്കരണം നടത്തുന്നതിനും അതിലൂടെ മുങ്ങി മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ദിനാചരണം സംഘടിപ്പിച്ചത്. ‘ആരും മുങ്ങി മരിക്കരുത് നമുക്ക് പ്രതിരോധിക്കാം’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം.
ഈ വര്‍ഷത്തെ മുങ്ങി മരണ നിവാരണ ദിനാചരണം ലക്ഷ്യം വെയ്ക്കുന്നത് കുടുംബങ്ങളിലും സമൂഹത്തിലും മുങ്ങി മരണത്തിന്റെ വിനാശകരവും സുദീര്‍ഘവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അത് തടയാനുള്ള ജീവന്‍ രക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക എന്നുള്ളതാണ്. നീന്തല്‍ പഠിപ്പിക്കുക, ജല സുരക്ഷ അവബോധം ഉളവാക്കുക, സുരക്ഷിതമായ ജീവന്‍രക്ഷാ നൈപുണ്യങ്ങള്‍ പരിശീലിപ്പിക്കുക, രക്ഷാപ്രവര്‍ത്തനത്തിലും പുനരുജ്ജീവനത്തിലും സാധാരണക്കാരെ പരിശീലിപ്പിക്കുക, സുരക്ഷിതമായ ജലഗതാഗതമാര്‍ഗങ്ങള്‍ സ്ഥാപിക്കുക, വെള്ളപ്പൊക്ക അപകട സാധ്യത ലഘൂകരിക്കുക എന്നിവയും ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.
തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ ലോക മുങ്ങി മരണ നിവാരണ ദിനാചരണം സംഘടിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.എം ശ്രീനാഥന്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ്പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.വി രാധ, ആര്‍. രാജേഷ്, പി. ഭാസ്‌കരന്‍, എന്‍. കുര്യാക്കോസ്, കെ.ടി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൂട്ടയോട്ടം നടത്തി. ഉദിനൂര്‍ ഹൈസ്‌കൂള്‍, തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം പോളി ടെക്‌നിക് കോളേജ ്എന്നിവിടങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാറും കൂട്ടയോട്ടത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ഉദിനൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസും നല്‍കി.
കാഞ്ഞങ്ങാട് അഗ്‌നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് വൊളന്റീയര്‍മാര്‍ക്കായി ജലാശയ അപകടങ്ങളും രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ച് ബോധവത്കരണ ക്ലാസ്സും നടന്നു. സ്റ്റേഷന്‍ഓഫീസര്‍ പി.വി പവിത്രന്‍ ക്ലാസ്സ് എടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. വിനേഷ്‌കുമാര്‍, പ്രൊഫ. വി വിജയകുമാര്‍, വൊളന്റിയര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. 120 ഓളംപേര്‍ പരിപാടിയുടെ ഭാഗമായി.
ഉപ്പള അഗ്‌നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ ഉപ്പള ജി.എച്ച്.എസ്.എസില്‍ ബോധവത്ക്കരണ ക്ലാസ്സും ജലാശയരക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ പ്രദര്‍ശനവും നടത്തി. പ്രധാനാധ്യാപിക ശശികല അദ്ധ്യക്ഷത വഹിച്ച യോഗം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ്, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.ബി സുനില്‍കുമാര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ നയിച്ച ബോധവത്കരണ ക്ലാസ്സ് നടന്നു. ജലാശയരക്ഷാ പ്രവര്‍ത്തനത്തിന്റെ വിവിധ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശനവും നടത്തി. 9, 10 ക്ലാസ്സുകളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ അഗ്‌നിരക്ഷാ നിലയവും, സിവില്‍ ഡിഫന്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണക്ലാസ്സും ഡ്രില്ലും നടത്തി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ഗവ. ഹൈസ്‌കൂള്‍ കുറ്റിക്കോല്‍, എ.യു.പി.എസ് കുറ്റിക്കോല്‍, പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നായി കുട്ടികളും അദ്ധ്യാപകരും അടക്കം 150 ഓളം ആള്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ബി.കുഞ്ഞമ്പു ബോധവത്ക്കരണ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published.