CLOSE

ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്

Share

ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുമായി പോലീസ്. രാത്രികാല പരിശോധനയും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 64 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം 107 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. ജില്ലയില്‍ മണല്‍ മാഫിയകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നവര്‍ക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഈ വര്‍ഷം 284 കേസുകളും കഴിഞ്ഞ വര്‍ഷം 76 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇത്തരം മാഫിയകളുടെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കും.
ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിനും സംഘടിത ആക്രമണങ്ങള്‍ തടയുന്നതിനും ജില്ലയില്‍ നിലവിലുളള ആന്റി- ഓര്‍ഗനൈസ്ഡ് ക്രൈം സെല്‍ (എ.ഒ.സി.സി) അംഗങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തു.

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം,
ജില്ലാതല അദാലത്തില്‍ തീര്‍പ്പാക്കിയത് 1005 ഫയലുകള്‍

കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ജില്ലാതല ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ പരിഗണിച്ച 1241 ഫയലുകളില്‍ 1005 ഫയലുകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും. വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ, സബ് ഓഫീസ് തലങ്ങളില്‍ അദാലത്തുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ 15 വരെ വില്ലേജ് ഓഫീസുകളിലും, ജൂലൈ 19,20,21 തീയ്യതികളില്‍ താലൂക്ക് തലത്തിലും 25,26 തീയതികളില്‍ ആര്‍.ഡി.ഒ തലത്തിലും 27ന് സബ് ഓഫീസുകളിലും ആദ്യഘട്ട അദാലത്തുകള്‍ പൂര്‍ത്തിയായി. ഇതിനുശേഷമാണ് ജില്ലാതല അദാലത്ത് ആരംഭിച്ചത്.
2021 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക ഫയലുകളില്‍ അദാലത്ത് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ 15,925 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി. 51,554 ഫയലുകളാണ് ഇനി തീര്‍പ്പാക്കാനുള്ളത്.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. പെട്ടെന്ന് തീര്‍പ്പാക്കാനാവുന്ന ഫയലുകള്‍ ആദ്യം തീര്‍പ്പാക്കണമെന്നും സങ്കീര്‍ണമായവ പരിഹരിക്കുന്നതിന് മറ്റൊരാളുടെ സഹായം തേടാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എഡിഎം എ.കെ.രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.ജയ്ദീപ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
ജൂണ്‍ 15ന് ആരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം സെപ്തംബര്‍ 30 വരെയാണ് തുടരുക. ഉദ്ഘാടനച്ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പട്ടയം വിതരണം ചെയ്തു.

ജില്ലയിലെ തീര്‍പ്പാക്കാനുള്ള ഫയല്‍ വിവരങ്ങള്‍

കളക്ടറേറ്റില്‍ ആകെയുള്ളത് 18717 ഫയലുകള്‍. ഇതുവരെ തീര്‍പ്പാക്കിയത് 7852 ഫയലുകള്‍.
കാസര്‍കോട് ആര്‍.ഡി.ഒ യില്‍ ആകെ ഫയലുകള്‍ 1159. ഇതുവരെ തീര്‍പ്പാക്കിയത് 403
കാഞ്ഞങ്ങാട് ആര്‍.ഡി.ഒ യില്‍ ആകെ 3303 ഫയലുകള്‍. 28 ഫയലുകള്‍ തീര്‍പ്പാക്കി
ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ 5230 ഫയലുകള്‍. 603 ഫയലുകള്‍ തീര്‍പ്പാക്കി.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ 7529 ഫയലുകള്‍. 1807 ഫയലുകള്‍ തീര്‍പ്പാക്കി
കാസര്‍കോട് താലൂക്കില്‍ 5745 ഫയലുകളില്‍ 1265 ഫയലുകള്‍ തീര്‍പ്പാക്കി
മഞ്ചേശ്വരം താലൂക്കില്‍ തീര്‍പ്പാക്കാനുള്ള 2228 ഫയലുകളില്‍ ഇതുവരെ 1121 ഫയലുകള്‍ തീര്‍പ്പാക്കി
വില്ലേജ് ഓഫീസുകളില്‍ ആകെ 3845 ഫയലുകളില്‍ 1387 ഫയലുകള്‍ തീര്‍പ്പാക്കി.
സബ് ഓഫീസുകളില്‍ ആകെ 14370 ഫയലുകളില്‍ ഇതുവരെ 468 ഫയലുകള്‍ തീര്‍പ്പാക്കി
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് സെക്ഷനുകളില്‍ ആകെ 5344 ഫയലുകളില്‍ 991 ഫയലുകള്‍ തീര്‍പ്പാക്കി

Leave a Reply

Your email address will not be published.