സംസ്ഥാനത്ത് ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിവരുന്ന ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കടലാസ് കവറുകളുടെയും സഞ്ചികളുടെയും നിര്‍മ്മാണ ശില്‍പ്പശാല നടത്തി. ഹരിതകേരളം മിഷന് ജില്ലയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബേക്കല്‍ ബി.ആര്.സിയിലെ പ്രവര്‍ത്തിപരിചയ അധ്യാപകരാണ് ശില്പശാല നടത്തിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ദൂഷ്യവശങ്ങളും അവയ്ക്ക് ബദലായി ഉപയോഗിക്കാന്‍ പറ്റുന്ന വസ്തുക്കളുടെ പ്രചാരണവും കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ബേക്കല്‍ ഉപജില്ലയിലെ ജി.എച്ച്.എസ്.എസ് ബാര, ജി.യു.പി.എസ് കരിച്ചേരി, ജി.എച്ച്.എസ്.എസ് പാക്കം, ജി.വി.എച്ച്.എസ്.എസ് കുണിയ, എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്, ജി.എച്ച്.എസ്.എസ് തച്ചങ്ങാട്, ജി.യു.പി.എസ് കൂട്ടക്കനി, ജി.യു.പി.എസ് വേലാശ്വരം, ജി.എച്ച്.എസ്.എസ് ഉദുമ, ജി.യു.പി.എസ് പുതിയകണ്ടം, ജി.യു.പി.എസ് കീക്കാന്‍ എന്നിവിടങ്ങളില്‍ വിദ്യാലയങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പി.ടി.എ എന്നിവരുടെ സഹകരണത്തോടെ ശില്പശാലകള് നടന്നു. ശില്പശാലകള്ക്ക് കോര്‍ഡിനേറ്റര്‍ കെ.എം. ദിലീപ്കുമാര് നേതൃത്വം നല്കി.