CLOSE

ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് വിദഗ്ധ മെഡിക്കല്‍ ക്യാമ്പ് ആഗസ്ത് 13ന്

Share

ജില്ലയിലെ ഭിന്നശേഷിക്കാരും ഗുരുതര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതുമായ കുട്ടികളുടെ സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും മുളിയാര്‍ ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്നാണ് ക്യാമ്പുകള്‍. ആഗസ്റ്റ് 13ന്(ശനിയാഴ്ച) ബോവിക്കാനത്തെ തണല്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ ശാരീരികമായും മാനസികമായ വളര്‍ച്ച കുറവ്, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളികള്‍, പഠന വൈകല്യം, അപസ്മാരം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യം. ഇങ്ങനെ കണ്ടെത്തുന്നവരുടെ വിദ്യാഭ്യാസം, ചികിത്സ, തെറാപ്പികള്‍, തൊഴില്‍ പരിശീലനം, പുനരധിവാസം, ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ ശാക്തീകരണവും ഈ ക്യാമ്പുകള്‍ വഴി ഉറപ്പാക്കും.
2019 ല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്‌സ് സ്‌കൂളുകളെ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാക്കി(എം.സി.ആര്‍.സി) കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഉയര്‍ത്തുകയും ആവശ്യമായ തെറാപ്പി ജീവനക്കാരെ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തുന്നത്. മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കും, ചെമ്മനാട്, ചെങ്കള, കുറ്റിക്കോല്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഉള്ളവര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ 949564404 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. തണല്‍ എം.സി.ആര്‍.സി മുളിയാറില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം.
ശിശുരോഗ വിദഗ്ധര്‍, ന്യൂറോളജിസ്റ്റ്, മാനസിക രോഗം, അസ്ഥിരോഗം, പല്ല്, നേത്ര രോഗ വിദഗ്ധര്‍, ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിവിധ ഡോക്ടര്‍മാരും, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍, സോഷ്യല്‍വര്‍ക്കര്‍, കൗണ്‍സിലര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. പൂര്‍ണമായും കിടപ്പിലായ ആളുകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി അറിയിച്ചാല്‍ വാഹന സൗകര്യം ഒരുക്കും. കേരള സാമൂഹ്യ സുരക്ഷാ മിഷനോടൊപ്പം ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പും ഈ ക്യാമ്പില്‍ സഹകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.