CLOSE

നീലേശ്വരത്തെ അജൈവ മാലിന്യ ശേഖരണം ഇനി ഹരിതമിത്രം ആപ്ലിക്കേഷന്‍ നിരീക്ഷിക്കും

Share

നീലേശ്വരം നഗരസഭയിലെ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കല്‍, തരംതിരിക്കല്‍ പുന: ചംക്രമണം എന്നിവ ഇനി ‘ഹരിതമിത്രം’ വഴി നിരീക്ഷിക്കും. നഗരസഭയില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തുന്ന വാതില്‍പ്പടി മാലിന്യ-ശേഖരണം ഇനി മുതല്‍ ഡിജിറ്റലൈസേഷനിലൂടെയാണ് നടപ്പാക്കുക. ഹരിതമിത്രം ആപ്ലിക്കേഷന്‍ നീലേശ്വരം നഗരസഭാ തല ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. വാര്‍ഡ് അടിസ്ഥാനത്തിലുള്ള സര്‍വ്വേയും നഗരസഭയില്‍ ആരംഭിച്ചു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് സ്ഥാപിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ ഓരോ വീട്ടുകാര്‍ക്കും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാനും പ്രശ്നങ്ങള്‍ ഫോട്ടോ സഹിതം നഗരസഭയില്‍ അറിയിക്കാനും സൗകര്യമുണ്ട്.
നഗരസഭയില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അജൈവമാലിന്യശേരണ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ ഫലപ്രദമാക്കുവാനും കാര്യക്ഷമമാക്കാനും കഴിയും. യൂസര്‍ ഫീ നല്‍കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ മനസിലാക്കാനും ഈ ആപ്പിലൂടെ സാധിക്കും. ഹരിതമിത്രം പ്രോജക്ട് കോര്‍ഡിനേറ്റര്‍ വീണ രാജന്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.ഗൗരി, പി.സുഭാഷ്,
ടി.പി.ലത, കെ.പി.രവീന്ദ്രന്‍, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, പി.ഭാര്‍ഗവി, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ദേവരാജന്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ടി.വി.ഭാഗീരഥി, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.