രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യമേള നാളെ (ഞയറാഴ്ച) രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ വകുപ്പ്, ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയാകും. എം എല്‍ എ മാരായ ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക് ന് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ, ബ്ലോക്ക് ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 9.30 മുതല്‍ 1.30 വരെ ഭിന്നശേഷിക്കാര്‍ക്കായി യുഡിഐഡി അദാലത്ത് നടക്കും. 11 മുതല്‍ 11.30 വരെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറും 11.30 മുതല്‍ വൈകുന്നേരം നാലുമണിവരെ കലാസാംസ്‌കാരിക പരിപാടികളും നടക്കും. മേളയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ആയുര്‍വേദ, ഹോമിയോ, കണ്ണ് പരിശോധന ക്യാമ്പുകളും, ആദിവാസി കലാരൂപങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും നടക്കും.
ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് പൂടംകല്ല് താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്നും രാജപുരത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. പരപ്പ ബ്ലോക്കിനു കീഴിലുള്ള ബ്ലോക്ക്, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് , കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രണ്ടായിരം പേര്‍ ഘോഷയാത്രയില്‍ അണിനിരക്കും.
