ജില്ലാ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷാ സംവിധാനങ്ങളെ മെച്ചപ്പെടുത്തി സുതാര്യമാക്കി മുന്നോട്ടുകൊണ്ടു പോകുമെന്ന് കേരള പി.എസ്.സി ചെയര്മാന് എം.കെ.സക്കീര്‍ പറഞ്ഞു. പി.എസ്.സി ജില്ലാ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുന്ന സംവിധാനങ്ങളെ മെച്ചപ്പെടുത്തി സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇതോടെ പരീക്ഷാ നടപടി ക്രമങ്ങള്‍ എളുപ്പമാവും. എഴുത്തുപരീക്ഷയ്ക്കെടുക്കുന്ന സമയദൈര്‍ഘ്യം കുറക്കാനാവുമെന്നും എം.കെ സക്കീര്‍ പറഞ്ഞു.
പി.എസ്.സി അംഗം സി.സുരേശന് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍, പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസര്‍ വി.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. പി.എസ്.സി അഡീഷണല്‍ സെക്രട്ടറി വി.ബി.മനുകുമാര്‍ സ്വാഗതവും പി.എസ്.സി ജില്ലാ ഓഫീസര്‍ പി.ഉല്ലാസന് നന്ദിയും പറഞ്ഞു.